കെ പി ജലീല്‍
തിരുവനന്തപുരം ജില്ലയിലെ മലയോരപ്രദേശമാണ് പൊന്‍മുടിയോട് ചേര്‍ന്നുള്ള ബോണക്കാട്. ഇവിടെ 20കൊല്ലം മുമ്പ് പ്രവര്‍ത്തനം നിലച്ചുപോയ സ്വകാര്യചായ-ഏലത്തോട്ടത്തിലേക്കുള്ള പാത ഇപ്പോഴതിന്റെ നിര്‍മാണഘട്ടത്തിലാണ്. 20കിലോമീറ്ററോളം വരുന്ന ഈ മലമ്പാതയുടെ ഒരു വശം കുത്തനെയുള്ള മലകളാണ്. പാറയല്ല, വെറും പച്ചമണ്ണ്. ഈ മണ്ണും ഇതിനുമുകളിലെയും അടിയിലെയും പാറകളും ഏതുനിമിഷവും റോഡിലേക്ക് പതിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. എസ്‌റ്റേറ്റില്‍ അവശേഷിക്കുന്ന 200ഓളം കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് പാത പണിയുന്നതെങ്കിലും വിനോദസഞ്ചാരികളും ഇത് ഉപയോഗിക്കുന്നു. അതീവപരിസ്ഥിതിലോലപ്രദേശമെന്ന് ഒറ്റനോട്ടത്തില്‍തന്നെ ബോധ്യപ്പെടുന്ന ഈമേഖലയില്‍ പാതയുടെ നിര്‍മാണം അഭികാമ്യമാണോ.
പാത ഓരോമഴയിലും തകര്‍ന്നാല്‍ അതിന്റെ വിലയെത്രയാണ്. പുതുക്കിപ്പണിയാന്‍ ലക്ഷങ്ങള്‍ ചെലവുവരുന്നത് ആരുടെ കീശയില്‍നിന്നാണ് കരാര്‍ക്ക് കൊടുക്കുക. ഈചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം 2011ല്‍തന്നെ രാജ്യത്തെ ഭരണകൂടംനിയോഗിച്ച വിദഗ്ധസമിതി നല്‍കിയിരുന്നു. അന്നതിനെ പുച്ഛിച്ചുതള്ളിയവരാണ് ശരാശരി മലയാളി. അന്‍പതുകളിലെ മലയാളിയുടെ മലകയറ്റം അഥവാ കുടിയേറ്റമാണ് ശരിക്കും കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് ഒരുഹേതു. ഇഷ്ടംപോലെ മലമ്പ്രദേശങ്ങള്‍ വെട്ടിനിരത്തുക, അവിടെ കുടില്‍ മാത്രമല്ല, കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാതകളും പണിയുക. ഇതോടെ നിര്‍മാണാവശ്യങ്ങള്‍ക്ക് കല്ലുംമണലും ആവശ്യമായി വന്നു. അതോടെ ക്വാറികളുടെ ഉദയവുമായി. 1990കളിലാണ് കേരളത്തില്‍ ക്വാറികളുടെ കുത്തൊഴുക്കുണ്ടാകുന്നത്. വരുമാനം വര്‍ധിക്കുകയും മലയാളി പുത്തന്‍കോണ്‍ക്രീറ്റ് സൗധങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തതോടെ പാറയുടെയും മണലിന്റെയും ആവശ്യകതയും സമാനമായതോതില്‍ വര്‍ധിച്ചുവന്നു. ഇന്ന ്5924 ക്വാറികളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 2500ഉം വനമേഖലയിലും 1484 എണ്ണം അതീവപരിസ്ഥിതിലോലപ്രദേശങ്ങളിലുമാണ്. കേരളത്തില്‍ പിന്നെ പാറയെടുക്കാന്‍ മലയല്ലാതെവിടെപോകുമെന്ന ചോദ്യം പ്രസക്തമാണ്. അതുകൊണ്ടുതന്നെ പ്രളയത്തിനും ഉരുള്‍പൊട്ടലിനുംകാരണം കോണ്‍ക്രീറ്റിനെയും കല്ലിനെയും ആശ്രയിക്കുന്ന ഓരോമലയാളിയും ഉരുള്‍പൊട്ടലിനുത്തരംപറയാന്‍ ബാധ്യസ്ഥരാണ്.എങ്കിലും പരിസ്ഥിതിവിഷയത്തില്‍ വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷവും യു.ഡി. എഫും തമ്മിലെ അന്തരം വ്യക്തമാണ്. പരിസ്ഥിതിയെ തകര്‍ക്കുന്ന നിര്‍മാണത്തിനും ക്വാറികള്‍ തുടങ്ങാനും ഇടതുസര്‍ക്കാര്‍ കാട്ടിയ തിടുക്കത്തിനുപിന്നില്‍ വലിയ അഴിമതിക്കഥകളാണ് പുറത്തുവന്നത്.
1978ലാണ് പാലക്കാട് ജില്ലയിലെ അട്ട്പ്പാടിയോട് ചേര്‍ന്ന് സൈലന്റ് വാലിയില്‍ വൈദ്യുതിപദ്ധതി ആരംഭിക്കാന്‍ കേന്ദ്രത്തിലെ മൊറാര്‍ജി ദേശായിസര്‍ക്കാര്‍ തീരുമാനിക്കുന്നത്. അന്ന് ഇത്രകണ്ട് പരിസ്ഥിതിബോധം ഇല്ലാതിരുന്നിട്ടുകൂടി വലിയ പ്രക്ഷോഭമാണ് ശ്ാസ്ത്രജ്ഞരുടെയും പ്രകൃതിസ്‌നേഹികളുടെയും സഹകരണത്തോടെ അവിടെ അരങ്ങേറിയതും പിന്നീട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുന്‍കയ്യെടുത്ത് പദ്ധതി ഉപേക്ഷിച്ചതും. 1984ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്‌വാലിയെ നേരിട്ടെത്തി ദേശീയപാര്‍ക്കായി പ്രഖ്യാപനം നടത്തി. ഇല്ലായിരുന്നെങ്കില്‍ ഇന്ന് കേരളത്തിന്റെ ആ പൈതൃകസമ്പത്ത് എന്നോ മൊട്ടക്കൊന്നായി മാറിയേനേ. 2010ല്‍ മറ്റൊരുകോണ്‍ഗ്രസ് സര്‍ക്കാരിലെ കേന്ദ്രപരിസ്ഥിതി-വനംമന്ത്രി ജയറാംരമേശാണ് പശ്ചിമഘട്ടമലനിരകളുടെ ആഘാതത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രമുഖപരിസ്ഥിതിവിദഗ്ധനായ മാധവ് ധനഞ്ജയഗാഡ്ഗിലിനെ അധ്യക്ഷനാക്കി 14അംഗ സമിതിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കുന്നത്. ഇതിന്റെ 522 പേജുവരുന്ന റിപ്പോര്‍ട്ട് 2011 ഓഗസ്റ്റ് 31ന് സമര്‍പ്പിക്കപ്പെട്ടു. പശ്ചിമഘട്ടത്തിന്റെ നാലില്‍മൂന്ന് ഭാഗവും പരിസ്ഥിതിലോലപ്രദേശമായാണ് സമിതി കണ്ടെത്തിയത്. ഗുജറാത്ത്മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതും രാജ്യത്തെ 28 കോടിജനങ്ങള്‍ക്ക് വനവിഭവങ്ങള്‍ തരുന്നതുമായ പശ്ചിമഘട്ടമേഖല തെക്കെഅമേരിക്കയിലെ ആമസോണ്‍ കഴിഞ്ഞാല്‍ ഏറ്റവും ജൈവവൈവിധ്യസമ്പുഷ്ടമായ മലനിരയാണ്. ഇതിലൂടെ ഒഴുകുന്നപുഴകളാണ് ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജലാവശ്യം നിറവേറ്റുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായി ചൂണ്ടിക്കാട്ടിയ വസ്തുത പശ്ചിമഘട്ടം എത്രയും പെട്ടെന്ന ്‌സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ വലിയൊരു ദുരന്തത്തിന് അത് കാരണമാകുമെന്നായിരുന്നു. മലയിലേക്കുള്ള കുടിയേറ്റവും ഇടപെടലും നിര്‍മാണവും ഉടനടി അവസാനിപ്പിക്കണം. അതിനായി മൂന്നുതരം മേഖലകളെയാണ് സമിതി നിശ്ചയിച്ചത്. പൊടുന്നനെ ആളുകളെ പശ്ചിമഘട്ടത്തുനിന്ന ്ഇറക്കിവിടാന്‍ കഴിയില്ലെന്നതുകൊണ്ട് പതുക്കെപ്പതുക്കെയായി മലനിരകളുടെ ജൈവാവസ്ഥ തിരിച്ചുപിടിക്കുക എന്നതായിരുന്നു നിര്‍ദേശത്തില്‍ പ്രധാനം. ഇതിനായി പരിസ്ഥിതിലോല മേഖലകള്‍ എന്ന പദമാണ് സമിതി സ്വീകരിച്ച് അവതരിപ്പിച്ചത്. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവുംകൂടുതല്‍ ജില്ലകളുള്‍പ്പെടുന്നത് കേരളമാണ്-12. തൊട്ടടുത്ത് കര്‍ണാടകവു(11)മൂന്നാമത് തമിഴ്‌നാടുമാണ്(6). 3 മേഖലകളില്‍ മേഖല 1ലും 2ലും വനഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നായിരുന്നു സമിതിയുടെ നിര്‍ദേശം. മേഖല ഒന്നിനെ അഞ്ചുവര്‍ഷം കൊണ്ടും 2നെ എട്ടുവര്‍ഷം കൊണ്ടും മൂന്നിനെ 10 വര്‍ഷംകൊണ്ടും ജൈവകൃഷിയിലേക്ക് മാറ്റണം. മേഖല ഒന്നില്‍ നിര്‍മാണത്തിനും പാറപൊട്ടിക്കലിനും അനുമതി നല്‍കരുത്. ഏകവിളത്തോട്ടങ്ങള്‍ പാടില്ല. മേഖലമൂന്നില്‍ പാരിസ്ഥിതിക സാമൂഹികപ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിലാകണം കെട്ടിടനിര്‍മാണം. സിമന്റ്, മണല്‍,കമ്പി എന്നിവ പരമാവധി കുറയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഈ മേഖലയിലെ ജനങ്ങളെ സ്വാഭാവികമായും വലിയ പരിഭ്രാന്തിയിലാഴ്ത്തി. മേഖലകളുടെ അതിര്‍ത്തികള്‍ നിശ്ചയിക്കുംമുമ്പ് തദ്ദേശസ്ഥാപനവാര്‍ഡ് തലത്തില്‍ തീരുമാനമെടുക്കണം.
റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം കനത്തതോടെ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടെന്ന ്തീരുമാനിക്കുകയും പുതിയ ‘ഉന്നതതലപ്രവര്‍ത്തനസമിതി’യെ -ഐ.എസ്.ആര്‍.ഒ മുന്‍മേധാവി ഡോ.കസ്തൂരിരംഗന്‍ അധ്യക്ഷനായി -നിയോഗിക്കുകയും ചെയ്തു. ഈ സമിതി ഒട്ടേറെ ഇളവോടെ പരിസ്ഥിതിലോലമേഖലകളെ 75 ശതമാനത്തില്‍നിന്ന് 37 ആയികുറച്ചു. കേരളത്തില്‍ ഇതനുസരിച്ച് 123 വില്ലേജുകളെ കണ്ടെത്തി പരിസ്ഥിതിലോലമേഖലയാക്കി പ്രഖ്യാപിച്ചു. 2013ല്‍ ഇതിനായി പട്ടിക തയ്യാറാക്കാനും ചട്ടങ്ങള്‍ രൂപീകരിക്കാനും സര്‍ക്കാര്‍ മുതിര്‍ന്നപ്പോഴായിരുന്നു വലിയ ജനരോഷം . പതിറ്റാണ്ടുകളായി മലയോരങ്ങളില്‍ താമസിക്കുന്നവര്‍ എവിടെപോകുമെന്ന ചോദ്യത്തിന് രാഷ്ട്രീയനേതാക്കള്‍ക്കും ഭരണകൂടത്തിനും ഉത്തരംപറയേണ്ടിവന്നു. നവംബറില്‍ ഇടതുമുന്നണി സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തി. യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു ലക്ഷ്യം. ഇടുക്കിയിലും താമരശേരിയിലും ഗാഡ്ഗിലിന് വേണ്ടി വാദിച്ച പി.ടി തോമസ് എം.എല്‍.എയുടെ കോലം കത്തിക്കുകവരെയുണ്ടായി. റിപ്പോര്‍ട്ട് നടപ്പാക്കാതെയായതോടെ ഗാഡ്ഗില്‍ അതിരൂക്ഷമായി രംഗത്തുവന്നു. ഇടതുപക്ഷക്കാര്‍പോലും ഇതിനെതിരെ രംഗത്തുവന്നത് അദ്ദേഹത്തെ ക്ഷുഭിതനാക്കി. ‘ പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാകും.അതിന് നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല.നാലോ അഞ്ചേ വര്‍ഷംമതി.അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും.ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കുതന്നെ മനസ്സിലാകും.’ 2013ലാണ് ഗാഡ്ഗില്‍ ഇത് പറഞ്ഞത്. കൃത്യം അഞ്ചാംവര്‍ഷം കേരളം നൂറ്റാണ്ടിലെ മഹാപ്രളയത്തിലകപ്പെട്ടു. ഇന്നിതാ അതിന്റെ നാലാംവര്‍ഷവും . ഗാഡ്ഗില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ‘കാലാവസ്ഥാമാറ്റത്തിനൊപ്പം പ്രകൃതിചൂഷണംകൂടിചേര്‍ന്നതാണ് കേരളത്തിന്റെ ദുരന്തത്തിന് കാരണം.”അദ്ദേഹംപറയുന്നു. എന്നിട്ടും 30ലധികംപേരുടെ ജീവനെടുത്ത കോട്ടയം, ഇടുക്കി ജില്ലകളിലെ ഉരുള്‍പൊട്ടലിന് കൃത്യം 12 ദിവസംമുമ്പ് ഒക്ടോബര്‍നാലിന് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞത് കേരളത്തിന്റെ വനസമ്പത്ത് കവരുന്ന 64000കോടിയുടെ നിശ്ചിത സില്‍വര്‍ലൈന്‍ പദ്ധതിയുമായി തന്റെ സര്‍ക്കാര്‍മുന്നോട്ടുപോകുമെന്നാണ്!