X

നിപ്പ ഭയം; രക്തദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണത്തില്‍ കുറവ്

വടകര : കേരളത്തില്‍ നിപ്പ വൈറല്‍ പനി മൂലം രോഗ ബാധിതര്‍ മരണത്തിന് കീഴടങ്ങിയതോടെ രക്തദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണത്തിലും കുറവ്. പനി പകരുന്നത് ഭയന്ന് മെഡിക്കല്‍ കോളജുകളിലുള്‍പ്പെടെ പലരും രക്തദാനത്തിനായി എത്തുന്നില്ല.

അതേസമയം രക്ത ദൗര്‍ബല്യം മൂലം ശസ്ത്രക്രിയകള്‍ നടക്കാതെ പോകുന്ന തരത്തിലുളള ഗുരുതരമായ സാഹചര്യവുമുണ്ടായിട്ടില്ല. നിര്‍ബന്ധമായി നടത്തേണ്ട ശസത്രക്രിയകള്‍ മാത്രമെ ഇപ്പോള്‍ ചെയ്യുന്നുള്ളൂ എന്നതിനാല്‍ സാധാരണ ഗതിയിലും കുറവ് രക്തം മാത്രമെ വേണ്ടി വരുന്നുള്ളൂ. അടിയന്തര പ്രധാന്യമില്ലാത്ത ശസ്ത്രക്രിയകളൊക്കെ എല്ലാ പ്രധാന ആസ്പത്രികളിലും മാറ്റിവെക്കുകയാണ് ചെയ്യുന്നത്.

ചികിത്സക്കായി ആസ്പത്രികളിലെത്തുന്നവരുടെ എണ്ണവും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. രക്തത്തിന് ആവശ്യപ്പെട്ടു കൊണ്ട് രക്തദാന സംഘടനകളെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ബന്ധപ്പെടുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ബ്ലഡ് ഡോണേഴ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നേതൃ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരും ആവശ്യമുള്ള ഗ്രൂപ്പ് രക്തമെത്തിക്കുന്നതില്‍ ജാഗ്രത കാണിക്കുന്നു. വ്യാഴാഴ്ച കോഴിക്കോട് കോട്ടപ്പറമ്പ് ആസ്പത്രിയിലെ രോഗിക്ക് നെഗറ്റീവ് രക്തം ലഭിക്കാന്‍ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

അതേസമയം ആസ്പത്രിയില്‍ രക്ത ദാനത്തിന് എത്തുന്നവരെ വിശദമായ പരിശോധനക്കും ഇപ്പോള്‍ വിധേയമാക്കുന്നുണ്ട്. പകര്‍ച്ച വ്യാധികളുള്‍പ്പെടെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണിത്.

chandrika: