തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം പരിഷ്‌കരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍ വിജ്ഞാപനം പുറത്തിറക്കി. മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് വിജ്ഞാപനം. 50 കിടക്കകള്‍ വരെ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ 24,400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ 29,400 രൂപ, 200 കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32,400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ കണക്ക്.
സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം ഉറപ്പാക്കിയില്ലെങ്കില്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തിരക്കിട്ട് വിജ്ഞാപനമിറക്കിയിരിക്കുന്നത്. വിജ്ഞാപനം പരിശോധിച്ച ശേഷം നാളത്തെ പണിമുടക്ക് പിന്‍വലിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം സി.ഐ.ടി.യു നേതാക്കള്‍ ഇടപെട്ട് അട്ടിമറിച്ചതോടെയാണ് നഴ്‌സുമാര്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്. പണിമുടക്കിക്കൊണ്ട് ചേര്‍ത്തലയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 10ന് ലോങ് മാര്‍ച്ച് ആരംഭിക്കാനായിരുന്നു തീരുമാനം. മാര്‍ച്ച് ദേശീയ തലത്തില്‍ തന്നെ വന്‍ ചര്‍ച്ചയാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ തിരക്കിട്ട് വേതനം പരിഷ്‌കരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.