കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് ശ്വാസം മുട്ടുകയാണ് കേരളം. ഈ മഹാമാരിയെ ചെറുത്ത് നിര്‍ത്തി നമ്മളെ മുന്നോട്ട് നയിക്കുന്നത് കോവിഡ് മുന്നണിപോരാളികളെന്ന് വിളിക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്. നഴ്‌സ് എന്ന് പറയുമ്പോള്‍ നമുക്ക് അറിയാവുന്നത് ആസ്പത്രി സേവനങ്ങളില്‍ മുഴുകിയവരെ മാത്രമാണ്. എന്നാല്‍ ഫീല്‍ഡ് തലത്തില്‍ കോവിഡ് പ്രതിരോധം തീര്‍ക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് എന്ന വലിയ വിഭാഗത്തെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുന്നു.
കോവിഡ് വരാതിരിക്കാനുള്ള മുന്‍കരുതല്‍ മുതല്‍ ഒരു തുള്ളിപോലും കളയാതെ വാക്‌സിന്‍ എത്തിക്കുന്നത് വരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ചെയ്യുന്നതും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരാണ്. മാത്രമല്ല കോവിഡ് പോസിറ്റീവായവരെ വിളിച്ചറിയിക്കുകയും അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും മരുന്നുകളെത്തിക്കുകയും, നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നതും ഇവര്‍ തന്നെ. ജോലിഭാരം കൂടിയപ്പോഴാണ് ആശാവര്‍ക്കര്‍മാരെ ആശ്രയിക്കാന്‍ തുടങ്ങിയത്. കോവിഡ് വാക്‌സിന്‍ കൃത്യമായി എത്തിക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് വലുതാണ്. സംസ്ഥാന സ്റ്റോറില്‍ നിന്നും റീജിയണല്‍ സ്‌റ്റോറിലേക്കും ശേഷം ജില്ലാ സ്‌റ്റോറിലേക്കുമെത്തുന്ന വാക്‌സിന്‍ താലൂക്ക് ആസ്പത്രി, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, പ്രൈവറ്റ് ആസ്പത്രികള്‍, മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് സ്വീകരിക്കുന്നതും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരാണ്. മാത്രമല്ല ഒരു ദിവസം എത്ര പേര്‍ വാക്‌സിന്‍ സ്വീകരിച്ചു, എത്ര ഡോസ് വാക്‌സിന്‍ ഓരോ കേന്ദ്രങ്ങളിലും ബാക്കിയുണ്ട്, എത്ര വാക്‌സിന്‍ കഴിഞ്ഞു തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അതത് ദിവസം വൈകിട്ട് തന്നെ വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കണം. ഈ കണക്കനുസരിച്ചാണ് പിറ്റേ ദിവസത്തെ വാക്‌സിനേഷന്‍ പ്രക്രിയ തീരുമാനിക്കുന്നത്. കോവിഡ് സ്മാര്‍ട്ട് ടെസ്റ്റ് സെന്ററുകളിലും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോടൊപ്പവും ഇവര്‍ ഡ്യൂട്ടിയെടുക്കുന്നു.
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതും ഈ വിഭാഗം തന്നെ. അതായത് ഒരു ദിവസം എത്ര കോവിഡ് പോസിറ്റീവ് രോഗികളുണ്ട്, പോസിറ്റീവായവരില്‍ എത്രപേര്‍ നെഗറ്റീവായി, ആസപ്ത്രികളില്‍ എത്ര പേര്‍ ചികിത്സയിലുണ്ട്, വീടുകളില്‍ ചികിത്സയിലുള്ളവര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം അതത് ദിവസം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. രാവിലെ 9 മുതല്‍ 4 വരെയാണ് ഇവരുടെ ജോലി സമയം. ഡ്യൂട്ടി സമയം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. അതിനാല്‍ ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളിലാണ് സൈറ്റില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്. ഉറങ്ങുന്ന സമയമൊഴിച്ച് സദാസമയവും ഇവര്‍ കര്‍മനിരതരാണ്.
സംസ്ഥാനത്തൊട്ടാകെ 5568 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുണ്ട്. ഓരോ ജില്ലയിലും ഏകദേശം 450 പേരാണുള്ളത്. ഈ വിഭാഗത്തില്‍ സ്ത്രീകള്‍ മാത്രമാണുള്ളത്. പ്ലസ്ടു സയന്‍സും രണ്ട് വര്‍ഷത്തെ ജൂനിയര്‍ പബ്ലിക് നഴ്‌സ് ഡിപ്ലോമ കോഴ്‌സും പൂര്‍ത്തിയാക്കി പിഎസ്‌സി മുഖേനയാണ് ഇവര്‍ നിയമിക്കപ്പെടുന്നത്. ഇവരില്‍ പലരും പിജി കഴിഞ്ഞവരുമാണ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായി സര്‍വീസില്‍ കയറുന്ന ഇവര്‍ പിന്നീട് പ്രൊമോഷന്‍ ലഭിച്ച് പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്രണ്ട്, ഡിസ്ട്രിക്റ്റ് പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, മെറ്റേണല്‍ ആന്റ് ചൈല്‍ഡ് വെല്‍ത്ത് ഓഫീസര്‍ എന്നീ പദവികള്‍ വരെ വഹിക്കുന്നു.