വി. രഞ്ജിത്ത്കുമാര്‍
കണ്ണൂര്‍
നവഉദാരവല്‍ക്കരണ നയങ്ങളും ഹിന്ദുത്വ കോര്‍പറേറ്റ് അജണ്ടകളോടൊപ്പം കേരളത്തിലെ സില്‍വര്‍ ലൈനും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. കേരള മോഡല്‍ വികസനമെന്ന ആശയം ഉയര്‍ത്തിക്കാട്ടി കേരളത്തിന് പുറത്തുനിന്നുള്ള പ്രതിനിധികള്‍ കെ-റെയില്‍ വിഷയം ഉന്നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. വിഷയം സമ്മേളനം ചര്‍ച്ച ചെയ്‌തേക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കുമ്പോള്‍ ജനം അംഗീകരിച്ച പദ്ധതി വീണ്ടും ചര്‍ച്ചയാവില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. കെ-റെയില്‍ വിഷയം ചര്‍ച്ചയ്ക്ക് വരാതിരിക്കുകയെന്നതാണ് കേരള ഘടകത്തിന്റെ ലക്ഷ്യം. വന്നാല്‍ തന്നെ അത്രഗൗരവമായി കണക്കാക്കേണ്ടതില്ലെന്ന നിലപാടാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുള്ളത്. കേരളത്തിന്റെ വികസനത്തിന് മുതല്‍കൂട്ടാവുന്ന പദ്ധതിയെന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയെ അവതരിപ്പിക്കുന്നത്.
ഇതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായാലും മറിച്ചൊരു തീരുമാനം ഉണ്ടാവില്ലെന്നുറപ്പാണ്. കേരളത്തിന് പുറത്തു നിന്നുള്ള പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതിനെ എങ്ങിനെ നോക്കിക്കാണുമെന്നതാണ് പ്രധാനം. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിക്കെതിരെ സി.പി.എം സമരത്തിലാണ്. ഇതു കൊണ്ട് തന്നെ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നാല്‍ കേരളത്തിന്റെ സില്‍വര്‍ ലൈനും ചര്‍ച്ചയാവും.
മഹാരാഷ്ട്രയിലെ പാവങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതിക്കെതിരെ നേരത്തെ തന്നെ സി.പി.എം സമരമുഖത്തുണ്ട്. വരും നാളില്‍ സമരം ശക്തമാക്കാനുമാണ് നീക്കം. ഇതിനിടെയാണ് സില്‍വര്‍ ലൈന്‍ കേരള വികസനത്തിന് അനിവാര്യമാണെന്ന് പ്രതിനിധി സമ്മേളന വേദിയിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. കെ -റെയില്‍ ചര്‍ച്ചക്ക് തടയിടാന്‍ കൂടി ലക്ഷ്യമിട്ടാണ് പ്രസ്താവന. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് കിസാന്‍സഭ ഉള്‍പ്പെടെ ഇടതു സംഘടനകള്‍. മഹാരാഷ്ട്ര സി.പി.എം ഘടകത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് സമരം. അതേസമയം ബുള്ളറ്റ് ട്രെയിന്‍ വിഷയത്തില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ നഷ്ടപരിഹാരത്തുകയില്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ തര്‍ക്കമെന്നും പദ്ധതി സംബന്ധിച്ച തര്‍ക്കമില്ലെന്നുമാണ് കേരള ഘടകത്തിന് നിലപാട്.
കോടികളുടെ വിദേശ വായ്പ സ്വീകരിക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളോട് വികസനത്തിന്റെ പേരില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തങ്ങളില്ലെന്ന് നിലപാടിലാണ് കേരളമൊഴികെയുള്ള സംസ്ഥാന ഘടകങ്ങളും.എന്നാല്‍ ഇക്കാര്യം തുറന്ന് പറയാന്‍ ആരും തയ്യാറാകുന്നില്ല. ജന. സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല.