X

കേരളത്തില്‍ ഉള്ളിക്ക് പൊന്നുവില: മനുഷ്യന്റെ തലക്ക് പുല്ലുവില- ടി.വി ഇബ്രാഹിം

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാനല്ല, കൊല്ലിക്കാനും തല്ലിക്കാനും പിന്നെ സമാധാനയോഗം സംഘടിപ്പിക്കാനുമാണ് സര്‍ക്കാറിന്റെ ശ്രദ്ധയെന്ന് ടി.വി ഇബ്രാഹിം. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉള്ളിക്ക് പൊന്നുവില, മനുഷ്യന്റെ തലക്ക് പുല്ലുവില എന്നതാണ് കേരളത്തിലെ അവസ്ഥ. വിലവര്‍ധിക്കുമ്പോള്‍ വിപണിയിടപെടല്‍ നടത്താതെ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുന്നു. മുമ്പ് വിലക്കയറ്റമുണ്ടാകുമ്പോള്‍ ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണമെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറിനെ പഴിചാരിയിരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ മോദിയെ പേടിച്ചിട്ടാണോയെന്ന് അറിയില്ല, മിണ്ടുന്നേയില്ല. കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും കൂട്ടുനില്‍ക്കുന്ന സര്‍ക്കാറിന്റെ മുദ്രാവാക്യം വിലകൂട്ടിക്കോ, സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നാണ്. സപ്ലൈകോപോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും വിപണിവിലയേക്കാള്‍ കൂടുതല്‍ നല്‍കേണ്ടി വരികയാണ്. ലഭിക്കുന്നതാകട്ടെ ഗുണമേന്മയില്ലാത്ത സാധനങ്ങളാണെന്നും മാവേലിസ്റ്റോറില്‍ നിന്നും വാങ്ങിയ ഗുണംകുറഞ്ഞ ഗോതമ്പ്‌പൊടി സഭക്ക് മുമ്പാതെ പ്രദര്‍ശിപ്പിച്ച് ഇബ്രാഹിം പറഞ്ഞു.
വിലക്കയറ്റമില്ലെന്നാണ് അടിയന്തരപ്രമേയത്തിന് മറുപടി നല്‍കിയ ഭക്ഷ്യമന്ത്രി പറയുന്നത്. എന്നാല്‍ ചൊവ്വാഴ്ച സഭയില്‍ അംഗങ്ങളുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വിലക്കയറ്റമുണ്ടെന്ന് പറഞ്ഞ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും തൊട്ടാല്‍പ്പൊള്ളുന്ന വിലയാണ്. ഇതൊന്നും സര്‍ക്കാര്‍ അറിഞ്ഞ ഭാവം നടിക്കുന്നില്ല. ഓരോ മാര്‍ക്കറ്റിലും അരിക്ക് ഓരോ വിലയാണ്. ചാലയിലെ വിലയല്ല, മലബാറിലേത്. കേരളീയര്‍ പൊതുവെ ഉപയോഗിക്കുന്ന സുരേഖ, ജയ അരിക്ക് ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 32-34 രൂപയായിരുന്നത് ഇപ്പോള്‍ 50 രൂപയോളമായി. പച്ചരിക്ക് 30 രൂപയായിരുന്നത് ഇപ്പോള്‍ 46 രൂപയാണ്. പച്ചക്കറികള്‍ക്ക് മിക്കതിനും ഇരട്ടി വിലയാണ്. മലബാറില്‍ തക്കാളിയുടെ വില 120 രൂപയാണ്- ഇബ്രാഹിം ചൂണ്ടിക്കാട്ടി.

chandrika: