തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളികേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകയെ സ്ഥലം മാറ്റി്. തിരുവനന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബീനാ സതീഷിനെയാണ് തെറിപ്പിച്ചത്. വിരമിക്കാന്‍ ഏഴു മാസം മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥലം മാറ്റം. ബീനാ സതീശിനെ ആലപ്പുഴയിലേക്ക് മാറ്റിയെങ്കിലും പകരം നിയമനം നല്‍കിയിട്ടില്ല.
നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ശക്തമായി പിന്തുണച്ചില്ലെന്ന പരാതിയിലാണ് ബീനാ സതീശിനെ സ്ഥലം മാറ്റിയത്. സ്ഥലമാറ്റം പ്രതികാര നടപടിയെന്നാണ് ആക്ഷേപം. നേരത്തെ, കേസിലെ പ്രതി മുന്‍ എംഎല്‍എ കൂടിയായ വി ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍കുമാറിന് ചുമതല നല്‍കി ഓഫീസ് ഒഴിയാനാണ് ബീനാ സതീഷിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. കയ്യാങ്കളി കേസില്‍ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ കുമാറാകും സര്‍ക്കാരിന് വേണ്ടി ഇനി ഹാജരാകുക. ഇതിനു പുറമേ പി.എസ്.സി ക്രമക്കേട് കേസില്‍ പ്രതികളായ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ പ്രതികളായ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാനുള്ള ഉത്തരവുകള്‍ ബീനാ സതീഷ് കോടതിയില്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബീനാ സതീഷിനെ സ്ഥലം മാറ്റിയത്.