നാദാപുരം: മന്ത്രവാദ ചികിത്സക്കിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് പുതിയകടവ് ലൈലാ മന്‍സില്‍ ഷമീന (29) യാണ് ഇന്നലെ പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ മരണപ്പെട്ടത്. പുറമേരി മാളുമുക്കിലെ വാടക വീട്ടില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഷമീനക്ക് പൊള്ളലേറ്റത്.
ബന്ധുക്കള്‍ക്കൊപ്പമാണ് യുവതി ഇവിടെ എത്തിയത്. യുവതിയുടെ ശരീരത്തില്‍ പ്രേത ബാധയുണ്ടെന്നും ഇത് ഒഴിവാക്കാന്‍ ചില കര്‍മങ്ങള്‍ ചെയ്യണമെന്നും ചികിത്സകയായ കുറ്റ്യാടി അടുക്കത്ത് സ്വദേശി നജ്മ നിര്‍ദ്ദേശിക്കുകയുണ്ടായി. ചികിത്സക്ക് ആവശ്യമായ മണ്ണെണ്ണ ലഭിക്കാതായതോടെ ഒരു ലിറ്റര്‍ പെട്രോള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് വീട്ടിനകത്തെ ഇരുട്ട് മുറിയില്‍ യുവതിയെ കസേരയില്‍ ഇരുത്തി സമീപത്ത് മണ്‍ചട്ടിയില്‍ കോഴിമുട്ടയും മറ്റും വെച്ച് ഇതിനു മുകളില്‍ തീ വെക്കുകയായിരുന്നു. ഇതിനിടയില്‍ തീ ആളിപ്പടര്‍ന്ന് യുവതിയുടെ വസ്ത്രത്തിനും ദേഹത്തും പടര്‍ന്നു പിടിക്കുകയും സാരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
അപകടം നടന്ന അന്നു മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ഷമീന. പുതിയ കടവ് ലൈലാ മന്‍സില്‍ ജാഫറിന്റെയും ലൈലയുടെയും മകളാണ്. മക്കള്‍; സല്‍മാനുല്‍ ഫാരിസ്, ജന്നത്തു ഷെറിന്‍. സഹോദരങ്ങള്‍; ഷമീര്‍, ഷബീര്‍. മയ്യിത്ത് പുതിയകടവ് ബീച്ച് റോഡ് പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.