X

സംസ്ഥാനത്ത് നിരോധിതകീടനാശിനികളുടെ ഉപയോഗം വ്യാപകം

സിനു എസ്.പി. കുറുപ്പ്

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിരോധിക്കാത്തതും കേരളത്തില്‍ നിരോധിച്ചതുമായ മാരക കീടനാശിനികളുടെ ഉപയോഗം സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ വ്യാപകമാണെന്ന് റിപ്പോര്‍ട്ട്. വെള്ളായണി കാര്‍ഷികസര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയത് ഇത്തരം ഉല്‍പ്പന്നങ്ങളിലായിരുന്നു. ജനിതക വൈകല്യങ്ങള്‍ക്കു വരെ കാരണമാവുന്ന നിരോധിത കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാഴ, കാപ്പി, കുരുമുളക്, പച്ചക്കറി കര്‍ഷകരാണ് കൂടുതലായും കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

ഏലക്കയില്‍ എന്‍ഡോസള്‍ഫാന്‍, ഡെല്‍റ്റാ മെത്രിന്‍, ക്വിനാല്‍ ഫോസ്, ട്രയാസോ ഫോസ്, ക്ലോര്‍വൈറി ഫോസ്, പ്രൊഫെനോ ഫോസ്, എഡിഫെന്‍ ഫോസ്, സൈപ്പര്‍ മെത്രിന്‍, എത്തയോണ്‍, മാലത്തയോണ്‍, ഫെന്‍പ്രോ പാത്രിന്‍, ലാംഡാ സൈഹാലോത്രിന്‍ തുടങ്ങിയ കീടനാശിനികളുടെ വിഷാംശം പല ഘട്ടങ്ങളിലായി കണ്ടെത്തിയിരുന്നു. പാവല്‍കൃഷിയില്‍ മാത്രം 15 ഇനം കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തേക്ക് വരുന്ന പച്ചക്കറി ഇനങ്ങളില്‍ 80 ശതമാനവും എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിള്‍ നിന്നാണ്.

കീടനാശിനികളില്‍ ‘മുങ്ങിക്കുളിച്ച’ പച്ചക്കറികളാണ് പലപ്പോഴും പച്ചക്കറി വിപണിയില്‍ എത്തുന്നത്. ക്വിനാല്‍ ഫോസ്, മോണോക്രോട്ടോഫോസ്, ഫോറേറ്റ് തുടങ്ങിയ കീടനാശിനികളുടെ അംശവും പലപ്പോഴായി കണ്ടെത്തിയിരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനയില്‍ കണ്ടെത്തിയ മീതൈല്‍ പാരത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവ 2011ല്‍ കേരള സര്‍ക്കാര്‍ നിരോധിച്ച കീടനാശിനികളാണ്. ഇവ കാന്‍സറിനും ആമാശയ രോഗങ്ങള്‍ക്കും കാരണമാകുന്നവയുമാണ്.

കൂടാതെ നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍, ഉപയോഗനിയന്ത്രണമുള്ള ലിന്‍ഡേന്‍, ക്ലോര്‍പൈറിഫോസ്, മീഥൈല്‍ പാരത്തിയോണ്‍ എന്നിവയുടെ ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ വ്യാപകമായി ഡൈയൂറോണ്‍, മാന്‍കോസെബ്, പാരക്വാറ്റ് എന്നിവയും ഉപയോഗിക്കപ്പെടുന്നു.ഫൊറേറ്റ്(റെഡ്), മോണോ ക്രോട്ടോഫോസ്(റെഡ്), ട്രയാസോഫോസ്(യെല്ലോ), കാര്‍ബോഫുറാന്‍(റെഡ്), മീഥൈല്‍ പാരാത്തിയോണ്‍(റെഡ്), മിഥൈല്‍ ഡിമാറ്റണ്‍(റെഡ്), പ്രോഫെനോഫോസ്(യെല്ലോ), മെഥോക്‌സി ഈഥൈല്‍ മെര്‍ക്കുറിക് ക്ലോറൈഡ്, എഡിഫാന്‍ഫോസ്(യെല്ലോ),

ട്രൈസെക്ലാ സോള്‍(യെല്ലോ), ഓക്‌സി തിയോജിനോസ്(ബ്ലൂ), പാറാക്വാറ്റ്(യെല്ലോ), അട്രോസിന്‍(ബ്ലൂ), അമിലോഫോസ്(യെല്ലോ), തിയോബെന്‍കാര്‍ബ്(ബ്ലൂ), ഫ്യൂരഡാന്‍, ഫോറേറ്റ്, റൗണ്ടപ്പ്, തൈമറ്റ് തുടങ്ങിയവ നിരോധിച്ചിരുന്നെങ്കിലും കര്‍ഷകരുടെ പക്കല്‍ ഇവ എത്തിച്ചേരുന്നുണ്ട്. ഇതില്‍ ചിലത് മണ്ണ് നശിപ്പിക്കുകയും, കാന്‍സര്‍, വൃക്ക, ആന്തരിക രോഗങ്ങള്‍ക്ക് കാരണമാവുന്നതായും കണ്ടെത്തിയിരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവയെത്തുന്നതെന്നാണ് സൂചന.
രാജ്യത്ത് ഉപയോഗിക്കുന്ന കീടനാശിനികളില്‍ 50 ശതമാനവും പരുത്തികൃഷിയിലാണ് ഉപയോഗിക്കുന്നത്. ഇത് പരുത്തിക്കുരുവിലൂടെ കാലികളിലെത്തുകയും തുടര്‍ന്ന് മനുഷ്യരിലെത്തുകയും ചെയ്യുന്നുണ്ട്. 17 ശതമാനം നെല്‍കൃഷിയിലും 13 ശതമാനം പഴംപച്ചക്കറി കൃഷിയിലും ഉപയോഗിക്കുന്നു. കേരളത്തില്‍ ഒരു വര്‍ഷം 656.5 ടണ്‍ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. ലോകത്താകമാനം 1600 ഇനത്തില്‍ പെട്ട കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

സംസ്ഥാനത്ത് അനധികൃത കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കുമെന്ന കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ ലാബുകള്‍ സജ്ജമാക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമനും അറിയിച്ചു.

chandrika: