കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബും വീഡിയോ ജേര്‍ണലിസ്റ്റ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ വാര്‍ത്താ വീഡിയോ എക്‌സിബിഷന്‍ റെക്കോര്‍ഡിങിന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ തുടക്കമായി. അനുദിനം മാറികൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയും ദൃശ്യ മാധ്യമ ശൈലിയും പൊതുജനങ്ങള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പഠിതാക്കള്‍ക്കും നേരിട്ടറിയാനുള്ള അവസരമാണ് ഈ എക്‌സിബിഷന്‍.
വിവിധ ചാനലുകളിലെ ക്യാമറാമാന്‍മാരുടെ നൂറോളം വ്യത്യസ്തങ്ങളായ വാര്‍ത്തകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍ക്കും, മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ ഒരുമിച്ചു കാണാനുള്ള അവസരമാണ് പ്രദര്‍ശനം. ഇത്തരമൊരു ന്യൂസ് വീഡിയോ ഫെസ്റ്റിവല്‍ കേരളത്തില്‍ തന്നെ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ചാനലുകളിലെ വാര്‍ത്തകളെ പലരും പേടിയോടെ കാണുന്നത്. കുറ്റാന്വേഷണ വാര്‍ത്തകള്‍ എന്നത് മനുഷ്യന്റെ സമാധാനം കെടുത്തുന്ന അവസ്ഥയിലെത്തി. വാര്‍ത്താ ചാനലുകള്‍ കോടതികള്‍ക്ക് സമാനമായി മാറുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നടന്‍ ജോയ് മാത്യു മുഖ്യാതിഥിയായി. അക്രമാസക്തമായ വാര്‍ത്തകള്‍ ശേഖരിക്കുമ്പോള്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരും ക്യാമറാമാന്‍മാരും അനുഭവിക്കുന്ന സമ്മര്‍ദ്ദവും പ്രയാസങ്ങളും ആരും അറിയാതെ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ രാജേഷ്, കോസ്‌മോസ് ചെയര്‍മാന്‍ എ.കെ ഫൈസല്‍, നിയുക്ത കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് എം.കെ പ്രേംനാഥ്, വ്യാസ് പി റാം, സജീഷ് കുമാര്‍ തറയില്‍ എന്നിവര്‍ സംബന്ധിച്ചു.നേരം, കാലം, ദൃശ്യം എന്ന പേരില്‍ ദൃശ്യമാധ്യമ രംഗത്തെ പ്രഗല്‍ഭരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കി. മനോരമ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ അയ്യപ്പദാസ്, മീഡിയ വണ്‍ ഇന്‍പുട്ട് എഡിറ്റര്‍ ആര്‍സുഭാഷ്, ഏഷ്യാനെറ്റ് ചീഫ് ക്യാമറാ മാന്‍ എന്‍.വി വിനോദ് കുമാര്‍ തുടങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കെ.പി രമേഷ് മോഡറേറ്ററായി.
എക്‌സിബിഷന്‍ കാണാന്‍ വരുന്നവര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട വാര്‍ത്തകള്‍ തെരഞ്ഞെടുത്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എക്‌സിബിഷന്റെ ഭാഗമായി ജില്ലയിലെ പ്രാദേശിക ചാനല്‍ ക്യാമറമാന്‍മാര്‍ക്കും ചാനല്‍ സ്ട്രിങ്ങര്‍ മാര്‍ക്കും വാര്‍ത്താ മത്സരവും, ജേര്‍ണലിസം അനുബന്ധ വിഷയങ്ങള്‍ പഠിക്കുന്ന കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂസ് സ്‌റ്റോറി മത്സരവും സംഘടിപ്പിച്ചിരുന്നു. എന്‍ട്രികളില്‍ നിന്ന് തെരഞ്ഞെടുത്ത ആറ് വാര്‍ത്തകള്‍ എക്‌സിബിഷനില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.
സമാപന ദിനമായ ഇന്ന് രാവിലെ 11.30ന് സിനിമാ ഛായാഗ്രാഹകന്‍ അഴകപ്പന്‍ തന്റെ അനുഭവങ്ങള്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പങ്കുവെക്കും.