X

ശുഹൈബിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ശുഹൈബിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.

മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ശുഹൈബിനെ ഇന്നലെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ഇയാളെയും സുഹൃത്തുക്കളെയും ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശുഹൈബിനെ കൊലപ്പെടുത്തിയത് സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സി.പി.ഐ.എം മട്ടന്നൂര്‍ ഏരിയാ കമ്മറ്റിയുടെ പ്രതികരണം.

കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.ഐ.എം കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന ആക്രമണമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

chandrika: