X

ഖബറടക്കം നാളെ രാവിലെ 9ന് പാണക്കാട്

ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഖബറടക്ക ചടങ്ങുകള്‍ നടക്കും. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.

ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു.

നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. കേരളീയ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍.

18 വര്‍ഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ഒട്ടേറെ മുസ്ലിം മഹല്ലുകളുടെ ഖാളി എന്ന സ്ഥാനം വഹിച്ചിരുന്നു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷച്ചുമതലയും വഹിച്ചിരുന്നു.

കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്ക് പുറമെ സാദികലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Test User: