ന്യൂഡല്‍ഹി: അധ്യാപന യോഗ്യതാ പരീക്ഷ (ടെറ്റ്) സര്‍ട്ടിഫിക്കറ്റിന്റെ സാധുത ആജീവനാന്തമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഏഴ് വര്‍ഷമായിരുന്നു സര്‍ട്ടിഫിക്കറ്റ് കാലാവധി.
2020-ല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ ജനറല്‍ ബോഡിയുടെ അമ്പതാമത്തെ യോഗത്തില്‍ ടെറ്റ് സര്‍ട്ടിഫിക്കറ്റ് സാധുത ഏഴ് വര്‍ഷത്തില്‍നിന്ന് ആജീവനാന്തമാക്കി മാറ്റാന്‍ അംഗീകാരം നല്‍കിയിരുന്നു. ഏഴ് വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ പുതിയ ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ പുനഃമൂല്യനിര്‍ണയം/ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യാപന രംഗത്ത് തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയാണ് ഇതെന്നും പൊഖ്രിയാല്‍ അഭിപ്രായപ്പെട്ടു.
ടെറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷകരെ നിയമിക്കുക. വര്‍ഷം തോറും പരീക്ഷകള്‍ നടത്താറുണ്ട്. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പരീക്ഷകളുടെ തീയതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.