X

എല്‍.ഡി.എഫ് സര്‍ക്കാരിന് സ്വാഭാവിക പതനമുണ്ടാകും: കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ് മധ്യമേഖല ജാഥയ്ക്ക് തൃശൂര്‍ കിഴക്കേകോട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനം മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: എല്ലായിടത്തും തമ്മിലടിയും തര്‍ക്കവും കൊണ്ടുനടക്കുന്ന കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന് സ്വാഭാവിക പതനമുണ്ടാകുമെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. പണമില്ല, പണിയില്ല, അരിയില്ല, വെള്ളമില്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ നടത്തുന്ന യു.ഡി.എഫ് മധ്യമേഖല ജാഥയ്ക്ക് തൃശൂര്‍ കിഴക്കേകോട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി പണവും പിണറായി വിജയന്‍ അരിയും കൊണ്ടുപോയി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ അവിശ്വസനീയമായ രീതിയില്‍ സാമ്പത്തിക മാന്ദ്യം ഇന്ത്യയെ പിടികൂടിയിരിക്കുകയാണ്. രാജ്യത്തെ പിന്നോട്ടടിക്കുന്ന ഈ മാന്ദ്യം മോദിയെന്ന പ്രധാനമന്ത്രി മാത്രം ഉണ്ടാക്കിയതാണ്. ഈ ദുരിതം അടുത്തൊന്നും തീരുന്ന ലക്ഷണമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് ഭരിക്കുമ്പോള്‍ എല്ലായിടത്തും കേരളത്തിന്റെ വികസനമായിരുന്നു ചര്‍ച്ച. എന്നാലിപ്പോള്‍ കാമ്പസുകളിലും പുറത്തും അക്രമരാഷ്ട്രീയമാണ് പ്രധാനചര്‍ച്ച. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പല നിലപാടുകളും ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വലിയ ആപത്താണ്. കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റമുണായാല്‍ മാത്രമേ ജനങ്ങള്‍ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ഹിന്ദുക്കളുടെ ഒന്നാമത്തെ ശത്രു ബി.ജെ.പിയും ന്യൂനപക്ഷങ്ങളുടെ പ്രധാന ശത്രു സി.പി.എമ്മും ആണെന്ന് ജാഥാക്യാപ്റ്റന്‍ വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത തകര്‍ത്തുകളഞ്ഞ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഏകാധിപത്യത്തില്‍ മോദിയുടെ ഫോട്ടോസ്റ്റാറ്റാണ് പിണറായി വിജയന്‍. കേരളത്തില്‍ ഭരണം പൂര്‍ണമായും നിശ്ചലമായ സ്ഥിതിയാണ്.

സെക്രട്ടറിയേറ്റില്‍ ഒരു ഫയലുപോലും ചലിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു. സി.പി.എമ്മിനെ വിമര്‍ശിച്ച് പത്രത്തില്‍ വാര്‍ത്ത വരുത്തലല്ലാതെ യാതൊരു നയവുമില്ലാത്ത പാര്‍ട്ടിയാണ് സി.പി.ഐ എന്ന് സി.എംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ പറഞ്ഞു. ലോകത്തിന് മുന്നില്‍ അഭിമാനമായിരുന്ന രൂപയെ വെറും കടലാസ് കഷ്ണമായി അധപതിപ്പിച്ച ഭരണാധികാരിയായി മോദി ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെടുമെന്നും ജോണ്‍ കൂട്ടിചേര്‍ത്തു.

ഐ.പി പോള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ, ജാഥാ വൈസ് ക്യാപ്റ്റന്‍ അനൂപ് ജേക്കബ്, പി.സി വിഷ്ണുനാഥ്, ഷേയ്ഖ് പി. ഹാരിസ്, മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്‍, ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, കെ.പി വിശ്വനാഥന്‍, പി.ആര്‍.എന്‍ നമ്പീശന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി, ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗിരിജന്‍, യു.ഡി.എഫ് നേതാക്കളായ പി.എ മാധവന്‍, ഒ. അബ്ദുറഹ്മാന്‍കുട്ടി, എം.എ റഷീദ്, പി.കെ ഷാഹുല്‍ ഹമീദ്, അഡ്വ.വി.എം മുഹമ്മദ് ഗസാലി, എം. കെ. അബ്ദുള്‍സലാം, ടി.വി ചന്ദ്രമോഹന്‍, അസീസ് താണിപ്പാടം എന്നിവര്‍ പ്രസംഗിച്ചു.

chandrika: