അരുണ്‍ പി സുധാകര്‍
തിരുവനന്തപുരം: ലോ അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശിയായ നടരാജപിള്ളയെ ഏതോ ഒരു പിള്ള എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ഷേപിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അവഹേളനം കൂടിയാണെന്ന് വിമര്‍ശനം. മുന്‍ധനമന്ത്രിയും എം.എല്‍.എയുമായിരുന്നു പി.എസ് നടരാജപിള്ള. സോഷ്യലിസ്റ്റ് നേതാവും പിന്നീട് കോണ്‍ഗ്രസുകാരനുമായ നടരാജപിള്ള ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണെന്നത് ചരിത്രം.
ഇടത് സര്‍ക്കാരിന്റെ കാലത്തെ ചരിത്രപരമായ മുന്നേറ്റമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണ നിയമത്തിന് തുടക്കമിട്ട നടരാജപിള്ളയെയാണ് ഏതോ ഒരു പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി അധിക്ഷേപിച്ചത്. ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അന്നത്തെ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യരാണ് നടരാജപിള്ളയുടെ ഹാര്‍വിപുരം ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടിയത്. ഇതേത്തുടര്‍ന്ന് ഇന്നത്തെ ലോഅക്കാദമിക്ക് എതിര്‍വശത്തുള്ള ഓലപ്പുരയിലേക്ക് അദ്ദേഹം താമസംമാറ്റി.
തിരുകൊച്ചി മന്ത്രിസഭയില്‍ നടരാജപിള്ള ധനമന്ത്രിയായിരുന്ന കാലത്താണ് ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിച്ചത്. അക്കാലത്ത് സി.പി പിടിച്ചെടുത്ത ഭൂമി മടക്കി നല്‍കാന്‍ മുഖ്യമന്ത്രിയായ പട്ടം താണുപിള്ള ഉത്തരവിട്ടെങ്കിലും അത് ഏറ്റെടുക്കാന്‍ പിള്ള തയാറായില്ല. ഈ ഭൂമിയാണ് ലോഅക്കാദമിയുടെ പേരില്‍ നാരായണന്‍ നായര്‍ പിന്നീട് കുടുംബസ്വത്താക്കി മാറ്റിയതെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും സി.പി.എം പ്രതിനിധിയുമായ പിണറായി വിജയന് അറിയാത്തതല്ല.
സി.പിയുടെ കാലത്തെ ഭൂമി ഇടപാടില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്രയേറെ നിയമവിരുദ്ധമായ പ്രവൃത്തികളും തട്ടിപ്പും നടത്തിയെങ്കിലും അക്കാദമി എറ്റെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും പിണറായി ധാര്‍ഷ്ട്യത്തോടെ പറഞ്ഞത് സര്‍ക്കാരിന്റെ ഒത്തുകളി വ്യക്തമാക്കുന്നതും ഇടപെടലുകളിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതുമാണെന്ന് ആക്ഷേപമുണ്ട്.