കെ.എസ്. മുസ്തഫ
കല്‍പ്പറ്റ: വയനാട് ജില്ലയിലെ കാപ്പിത്തോട്ടങ്ങളെല്ലാം പൂവിട്ട് നില്‍ക്കുമ്പോഴും ആശ്വസിക്കാനാവാതെ കര്‍ഷകര്‍. അപ്രതീക്ഷിതമായി ലഭിച്ച ഇടമഴയില്‍ ജില്ലയിലാകെ കാപ്പി പൂത്തെങ്കിലും അതികഠിനമായ ചൂടും വരള്‍ച്ചയും പ്രതിരോധിക്കാന്‍ കഴിയാതെ പൂക്കള്‍ കരിഞ്ഞുണങ്ങുമെന്ന ആശങ്കിയിലാണ് കൃഷിക്കാര്‍. ജലദൗര്‍ലഭ്യം രൂക്ഷമായത് നനക്കാനുള്ള സാധ്യതയും ഇല്ലാതാക്കിയതോടെ പൂക്കള്‍ കണ്ട് കൊതിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജില്ല. ഒരാഴ്ചക്കിടെ സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചില്ലെങ്കില്‍ നിലവില്‍ വിരിഞ്ഞ പൂക്കളെല്ലാം വാടിക്കരിയും.
വയനാടന്‍ കാപ്പി കൃഷി സംരക്ഷിക്കാനും മൂല്യവര്‍ധന മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനുമുള്ള പദ്ധതികള്‍ പേരിനു പോലുമില്ലാത്ത ജില്ലയില്‍ കാലാവസ്ഥയും പ്രതികൂലമാവുന്നത് പാരമ്പര്യ കാപ്പി കര്‍ഷകരുടെ പ്രതീക്ഷകള്‍ തകിടം മറിക്കുകയാണ്. ലോക വാണിജ്യ ശൃംഖലയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വിപണനമൂല്യമുള്ള ചരക്കുകളില്‍ ഒന്നാണ് കാപ്പി. ഉല്‍പാദനത്തിലും വിസ്തൃതിയിലും കര്‍ണാടക കഴിഞ്ഞാല്‍ രണ്ടാമതുള്ള കേരളത്തിലെ കാപ്പിത്തോട്ടങ്ങളില്‍ 80 ശതമാനവും വയനാട്ടിലാണ്.
രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന കാപ്പിയുടെ 20 ശതമാനവും കേരളത്തില്‍ നിന്നുമാണ്. എന്നിട്ടും കാപ്പിക്കൃഷിയെ പരിരക്ഷിക്കാനുതകുന്ന പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടി കര്‍ഷകരോടുള്ള അവഗണനയാണ് കാണിക്കുന്നത്. മാറിയ സാഹചര്യത്തില്‍ കാപ്പികൃഷിയില്‍ നിന്നു പിന്മാറുകയാണ് വയനാട്ടുകാര്‍. കൃത്യമായി വേര്‍തിരിക്കുന്ന കാപ്പിക്ക് നല്ല വില ലഭിക്കുമെന്നിരിക്കെ, ഭൂരിഭാഗവും ചെറുകിട കര്‍ഷകരായതിനാല്‍ തരംതിരിക്കാത്ത ഉണ്ടക്കാപ്പിയായി (ചെറി) തന്നെ വിപണിയില്‍ കൊടുക്കുകയാണ്.
തോട്ടങ്ങളില്‍നിന്ന് കാപ്പി പറിക്കുന്നതു മുതല്‍ വിപണിയില്‍ വരെ കൃത്യമായ ഇടപെടലുകള്‍ നടത്തി കാപ്പി കൃഷി തിരിച്ചുകൊണ്ടുവരുന്നതിനും സാധാരണ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്തുന്നതിനും സംവിധാനങ്ങളില്ലാത്തതാണ് ഈ മേഖലയിലെ തകര്‍ച്ചയുടെ പ്രധാന കാരണം. തൊഴിലാളികളുടെ ദൗര്‍ലഭ്യവും മില്ലുകളുടെ അഭാവവും കാരണം ഉണ്ടക്കാപ്പി പരിപ്പാക്കി മാറ്റി വിറ്റിരുന്ന രീതി പോലും ചെറുകിട കര്‍ഷകര്‍ ഉപേക്ഷിച്ചു. കുറച്ച് അധ്വാനവും യന്ത്രസഹായവുമുണ്ടെങ്കില്‍ പാര്‍ച്ച്‌മെന്റ് (പള്‍പ്പര്‍) കാപ്പി ഉണ്ടാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വിധം ഉല്‍പാദിപ്പിക്കുന്ന കാപ്പിക്ക് മികച്ച വിലയും കര്‍ഷകന് ലഭിക്കും. എന്നാല്‍ മികച്ച പള്‍പ്പര്‍ യൂനിറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം ചെലവ് വരും. കുറഞ്ഞ ജലനഷ്ടം ഉറപ്പു വരുത്തുന്ന ഇക്കോ പള്‍പ്പറുകള്‍ക്ക് 25 ലക്ഷം രൂപയും ചെലവ് വരും. എന്നാലിതൊന്നും സാധാരണക്കാരായ ചെറുകിട കര്‍ഷകര്‍ക്ക് ഒറ്റക്ക് സാധിക്കാത്ത കാര്യങ്ങളാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൃത്യമായ ഇടപെടലും പുതിയ പദ്ധിതകളും കൊണ്ട് മാത്രേമ പാടേ തകര്‍ന്ന വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളുവെന്നാണ് കര്‍ഷകരുടെ അഭിപ്രായം.