X

വരള്‍ച്ച, റേഷന്‍ വിതരണം; ഇനിയെങ്കിലും സര്‍ക്കാര്‍ ഇടപെടണം: മുസ്‌ലിം ലീഗ്

വരള്‍ച്ച നേരിടുക, റേഷന്‍ വിതരണം കാര്യക്ഷമമാക്കുക എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചയെ നേരിടുന്നതിലും റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി മുസ്‌ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് ദേശീയ ട്രഷററുമായി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും സര്‍ക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടിയത്.

ഇനിയെങ്കിലും പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. രൂക്ഷമായ വരള്‍ച്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും കരുതല്‍ നടപടികള്‍ ഉണ്ടായില്ല. ജില്ലാ കലക്ടര്‍മാര്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാനോ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനോ സര്‍ക്കാരിന് കഴിഞ്ഞില്ല. സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട ഡിസാസ്റ്റര്‍മാനേജ്‌മെന്റിന് പ്രാധാന്യം നല്‍കേണ്ടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ യാതൊന്നും ചെയ്യാനായില്ല. റേഷന്‍ അരി വിതരണവുമായി ബന്ധപ്പെട്ട് എഫ്.സി.ഐ ഗോഡൗണുകളില്‍ നിലനില്‍ക്കുന്ന തര്‍ക്കം യഥാസമയം പരിഹരിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഇത്ര രൂക്ഷമാകുമായിരുന്നില്ല.

തൊഴിലാളികളുടെ അട്ടിക്കൂലിയുടെ വിഷയമാണ് റേഷന്‍ വിതരണത്തിന് തടസമായത്. കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിന് അരി കിട്ടുന്നില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ ലഭ്യമായ അരി വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളില്‍ എത്തിച്ചാല്‍ പോലും അരി വിതരണം നടക്കുന്ന സാഹചര്യമില്ല. റേഷന്‍ കടയുടമകള്‍ക്ക് കമ്മീഷന്‍ വര്‍ധിപ്പിച്ചു നല്‍കാത്തതിനാല്‍ അവര്‍ പ്രതിഷേധത്തിലാണ്. കേരളത്തിന്റെ പൊതുവായ പ്രശ്‌നമെന്ന നിലയില്‍ വരള്‍ച്ചാ പ്രതിരോധത്തിനും റേഷന്‍ അരിവിതരണം പുന:സ്ഥാപിക്കാനും സര്‍വകക്ഷി നിവേദകസംഘം കേന്ദ്രസര്‍ക്കാരിനെ സമീപിക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ അഭിപ്രായമെന്ന് കെ.പി.എ മജീദ് യോഗത്തില്‍ പറഞ്ഞു.

മെഡിക്കല്‍ കോളജുകളിലെ നീറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് വി.ഡി. സതീശന്‍ എം.എല്‍.എ, ആനത്തലവട്ടം ആനന്ദന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ.എം മാണി, ജോസ് കെ മാണി, പി.ജെ ജോസഫ്, പി.സി ജോര്‍ജ്, കെ.ആര്‍ അരവിന്ദാക്ഷന്‍, എം.എസ് കുമാര്‍ തുടങ്ങിയവരും മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, ഡോ. കെ.ടി ജലീല്‍, പ്രൊഫ: സി. രവീന്ദ്രനാഥ്, ഡോ. തോമസ് ഐസക്, ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവരും സംബന്ധിച്ചു.

chandrika: