ഭൂവനേശ്വര്‍: ദുബൈ കെഎംസിസി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നല്‍കുന്ന ആംബുലന്‍സുകള്‍ ഭുവനേശ്വര്‍ പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സതഗാത സത്പാഠി എംപിയും കൈമാറി.ആംബുലന്‍സുകള്‍ ആവശ്യക്കാര്‍ക്കെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്ന ഭുവനേശ്വറിലെ മഹാവീര്‍ സന്‍സ്‌കൃട് അന്‍ഷ്ടാന്‍ വേണ്ടി പ്രദീപ് കുമാര്‍ സിംഗ്, സഞ്ജീവ് കുമാര്‍ എന്നിവര്‍ക്ക് മുനവ്വറലി ശിഹാബ് തങ്ങളും ബാലസൂരിലെ മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റിക്ക് വേണ്ടി എസ്.കെ അബ്ദുല്‍ റേഹാന്‍, സാഹിറുല്‍ ഹഖ് എന്നിവര്‍ക്ക് തഥാഗത സത്പാഠി എംപിയും താക്കോല്‍ കൈമാറി.
മരിച്ച ഭാര്യയുടെ ശരീരം പുതപ്പില്‍ വരിഞ്ഞുമുറുക്കി പൊതിഞ്ഞ് തോളിലേറ്റി മകളേയും കൂട്ടി 60കിലോമീറ്റര്‍ ദൂരെയുള്ള മെല്‍ഘാര ഗ്രാമത്തിലേക്കു നടന്ന ദനാ മാഞ്ചിയുടെ നാട്ടുകാര്‍ക്ക് ദൂബൈ കെ എം സി സി യുടെ കാരുണ്യ ഹസ്തം വലിയ ആശ്വാസമായിരിക്കുകയാണ്. അന്തരിച്ച കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന ഇ.അഹമ്മദിന്റെ നാമത്തിലുള്ള രണ്ട് ആംബുലന്‍സുകളാണ് കൈമാറായിത്.
ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാത്തത് മൂലം മരിച്ചു വീഴുന്ന ആയിരങ്ങളിലേക്കാണ് പ്രവാസ ലോകത്തിന്റെ സഹായങ്ങള്‍ എത്തുന്നത്. സര്‍ക്കാറുകളില്‍ തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഭുവനേശ്വര്‍ പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ പിവി അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ദുബൈ കെഎംസിസി പ്രസിഡണ്ട് അന്‍വര്‍ നഹ അധ്യക്ഷനായിരുന്നു.
ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ഹാമിദ് ഹുസൈന്‍, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡണ്ട് ടിപി അഷ്റഫലി, യൂത്ത്ലീഗ് നേതാവ് സികെ സുബൈര്‍, ഡല്‍ഹി കെഎംസിസി പ്രസിഡണ്ട് അഡ്വ.ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.സി ഇസ്മാഈല്‍, എം.എ മുഹമ്മദ് കുഞ്ഞി, അഡ്വ. സാജിദ് അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, നൗഷാദ് ബാംഗളൂരു, ഭുവനേശ്വര്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ശ്യാം നമ്പ്യാര്‍, ഒ.ജെ മാത്യൂസ്, എസ്.ആര്‍ രവികുമാര്‍, വിനേശന്‍, വി.എം മണി, ഭുവനേശ്വര്‍ എയിംസ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇബ്രാഹീം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു.