ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളായ കെ.എന്‍.എം വിഭാഗങ്ങളുടെ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. 2002ല്‍ വേറിട്ട് പോയ വിഭാഗങ്ങളുടെ യോജിപ്പിനുള്ള പ്രധാന കടമ്പകളെല്ലാം തരണം ചെയ്തതോടെ ഐക്യ ചര്‍ച്ചകള്‍ ആശാവഹമായ പുരോഗതിയിലാണ്. ടി.പി അബ്ദുല്ലക്കോയ മദനി പ്രസിഡന്റും പി.പി ഉണ്ണീന്‍കുട്ടി മൗലവി ജനറല്‍ സെക്രട്ടറിയുമായ കെ.എന്‍.എമ്മിന്റെ ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന സമ്പൂര്‍ണ്ണ കൗണ്‍സില്‍ ലയന ചര്‍ച്ചകള്‍ക്ക് അംഗീകാരം നല്‍കി. സി.പി ഉമര്‍ സുല്ലമി പ്രസിഡന്റും എം സലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറിയുമായ കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ വിഭാഗത്തിന്റെ കൗണ്‍സില്‍ ഈ മാസം 27ന് കോഴിക്കോട് സ്പാനില്‍ നടക്കും.
ഇരു പക്ഷത്തു നിന്നും അഞ്ചു വീതം അംഗങ്ങളെയാണ് ഐക്യ ചര്‍ച്ചക്കായി ചുമതലപ്പെടുത്തിയത്. ആദര്‍ശപരമായ യോജിപ്പ് സാധ്യമായി എന്നതാണ് ഇതുവരെയുള്ള ചര്‍ച്ചയുടെ നേട്ടം. ഇനി സംഘടനാ പദവികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ധാരണയാവാനുള്ളത്. ഇരു പക്ഷത്തു നിന്നും ചുമതലപ്പെടുത്തിയ പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഒ അഹമ്മദ് കുട്ടിഹാജി എന്ന നാണി, എം അബ്ദുറഹ്മാന്‍ സലഫി, എം.ടി അബ്ദുസമദ് സുല്ലമി, നാസര്‍ സുല്ലമി എടത്തനാട്ടുകര (കെ.എന്‍.എം), എ അസ്ഗറലി, അബ്ദുല്‍ലതീഫ് കരുമ്പിലാക്കല്‍, അലി മദനി മൊറയൂര്‍, പ്രൊഫ.കെ.പി സഖരിയ്യ, സി മുഹമ്മദ് സലീം സുല്ലമി വണ്ടൂര്‍ (കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ) എന്നിവരാണ് തുടര്‍ ചര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുക.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആശീര്‍വാദത്തോടെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ് എന്നിവര്‍ ഇടപെട്ട് മൂന്നു വര്‍ഷത്തോളമായി ഐക്യ ശ്രമങ്ങള്‍ തുടരുകയായിരുന്നു. ഇന്നലെ ചേര്‍ന്ന സമ്പൂര്‍ണ്ണ കൗണ്‍സിലില്‍ കെ.എന്‍.എം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമെ പോഷക ഘടകം ഭാരവാഹികളും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്‌ലാഹീ സെന്റര്‍ ഭാരവാഹികളും സംബന്ധിച്ചു. ഐകകണ്‌ഠ്യേനയാണ് ചര്‍ച്ചക്ക് പച്ചക്കൊടി കാണിച്ചത്. ഈ മാസം 26ന് പെരിന്തല്‍മണ്ണയില്‍ ചേരുന്ന ശാഖാ-മണ്ഡലം-ജില്ല ഭാരവാഹികളായ 5000 പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ ചര്‍ച്ചയുടെ പുരോഗതിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യും.
കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ വിഭാഗം കഴിഞ്ഞ ആറിന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ ഐക്യ ചര്‍ച്ചയുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് 26ന് നടക്കുന്ന കൗണ്‍സില്‍. ഈ വിഭാഗം ഇന്നലെ കോട്ടക്കലില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ ഇതാദ്യമായി എതിര്‍ വിഭാഗത്തിലെ പ്രൊഫ.മായിന്‍കുട്ടി സുല്ലമിയും വിസ്ഡം നേതാവ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും പങ്കെടുത്തതും നിലമ്പൂരില്‍ നടന്ന ഡോ.ഉസ്മാന്‍ അനുസ്മരണ സെമിനാറില്‍ എന്‍ ഉസ്മാന്‍ മദനി പങ്കെടുത്തതും മാറ്റത്തിന്റെ സൂചനയാണ്.
സംഘടനാ-സ്ഥാപന ചുമതലകള്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ സംയുക്ത ഐക്യ പ്രഖ്യാപനം പുറപ്പെടുവിക്കാനും ഇതിന്റെ അനുകൂല സാഹചര്യത്തില്‍ താഴെ തട്ടിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുമാണ് നീക്കം. ഒന്നര പതിറ്റാണ്ടോളമായി ഭിന്നിച്ച് നിന്ന ഇസ്‌ലാഹി സംഘടനകള്‍ ദേശീയ-അന്തര്‍ ദേശീയ പ്രാധാന്യം ഉള്‍ക്കൊണ്ട് ഒന്നാവുന്നത് കേരള മുസ്‌ലിം ഐക്യത്തിന്റെ നാഴികക്കല്ലാവും.
- 8 years ago
chandrika
Categories:
Video Stories