X

നിലക്കാത്ത മുദ്രാവാക്യം വിളികളോടെ കേരളം തേങ്ങിയ മൂന്ന് നാള്‍; ചരിത്രമായി മാറിയ യാത്രാമൊഴി

തിരുവനന്തപുരം: രാഷ്ട്രീയ കേരളം കണ്ണീരണിഞ്ഞ രണ്ടു പകലിനും ഒരു രാത്രിക്കും ശേഷം ജനകീയ നേതാവ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യവിശ്രമം. കേരളം ഇതുവരെ കാണാത്ത വിധം ലക്ഷക്കണിനാളുകളുടെ അശ്രുപൂജക്കൊടുവിലാണ് രാഷ്ട്രീയ ചരിത്രത്തിലെ ആ സൗമ്യസാന്നിധ്യം നിത്യതയില്‍ ലയിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത് മുതല്‍ ഇന്നലെ പുതുപ്പള്ളിയില്‍ അന്ത്യവിശ്രമം ഒരുക്കുന്നതുവരെ കേരള ജനതയുടെ കര വലയത്തില്‍ ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം. ജീവിതത്തില്‍ ഒരിക്കലും തനിച്ചായിട്ടില്ലാത്ത ഉമ്മന്‍ചാണ്ടിയെ മരണശേഷവും കേരള ജനത തനിച്ചാക്കിയില്ല. കരഞ്ഞും നിലവിളിച്ചും സ്ത്രീകള്‍ അടക്കം ലക്ഷങ്ങളാണ് ഭൗതികശരീരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത്. ഇത്ര വലിയ ഒരാള്‍ക്കൂട്ടം ഇതിനുമുമ്പ് കേരളം കണ്ടിട്ടില്ല.

ജനസമ്പര്‍ക്ക പരിപാടിയുടെ നാളുകളില്‍ 11 ലക്ഷം ജനങ്ങളുമായി നേരിട്ട് സംബന്ധിച്ച ഉമ്മന്‍ചാണ്ടി, അന്ന് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു മനുഷ്യായുസില്‍ ഏറ്റവും അധികം ജനങ്ങളുമായി നേരിട്ട് സംസാരിച്ച ലോകത്തിലെ തന്നെ ഏക രാഷ്ട്രീയനേതാവ് ആയിരിക്കണം ഉമ്മന്‍ചാണ്ടി. ആ കടപ്പാടും സ്‌നേഹവും വ്യക്തമാക്കുന്നതായിരുന്നു മരണാനന്തരമുള്ള മൂന്നു ദിവസങ്ങളില്‍ കേരളം കണ്ടത്. തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്തും ജഗതിയിലെ പുതുപ്പള്ളി ഹൗസിലും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ സുഹൃത്തുക്കളും നിറഞ്ഞ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചപ്പോള്‍, രാത്രി ഒരു മണിക്കും രണ്ടുമണിക്കും പെരുമഴ നനഞ്ഞ് പ്രിയ നേതാവിനെ അവസാനമായി കാണാന്‍ സാധാരണ ജനങ്ങളുടെ വലിയ തിരക്കായിരുന്നു.

സാധാരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കയര്‍- കശുവണ്ടി തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ള ലക്ഷങ്ങളാണ് മഹാനായ നേതാവിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാന്‍ എത്തിയത്. കേരള ചരിത്രത്തില്‍ ഇതിനുമുമ്പൊരിക്കലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു നേതാവ് മരിക്കുമ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒരുപാട് ആളുകള്‍ എത്തും. എന്നാല്‍ കേരളം വാവിട്ടു കരഞ്ഞത് ഇതാദ്യം. യു.ഡി.എഫ് നേതാക്കള്‍ക്കോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജനങ്ങളാണ് നിയന്ത്രിച്ചത്. ആള്‍ക്കൂട്ടത്തെ തനിച്ചാക്കാത്ത നേതാവിനെ ആള്‍ക്കൂട്ടവും തനിച്ചാക്കാന്‍ തയ്യാറായില്ല.

ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് തുടങ്ങിയ യാത്ര 28 മണിക്കൂര്‍ പിന്നിട്ടാണ് പുതുപ്പള്ളിയിലെത്തിയത്. നിലക്കാത്ത മുദ്രാവാക്യം വിളികളോടെ, തോരാതെ കണ്ണീര്‍വീണ എം.സി റോഡിലൂടെ, ചെങ്ങന്നൂരിലേയും ചങ്ങനാശ്ശേരിയിലെയും മനുഷ്യക്കടല്‍ താണ്ടി തിരുനക്കര എത്തിയപ്പോഴെക്കും ചരിത്രമായി. ജനം ഇരമ്പിയിട്ടും ആള്‍ക്കൂട്ടത്തിന്റെ രാജാവിന് അനക്കമില്ല. കോട്ടയത്തോട് അടുക്കുംതോറും സ്‌നേഹക്കോട്ടകള്‍ പലതും കണ്ടു. പുതുപ്പള്ളി എത്തുമ്പോഴേക്കും പല മനസുകളും വിങ്ങിപ്പൊട്ടി. ജനസാഗരത്തിന് നടുവില്‍ നില്‍ക്കുമ്പോഴും തങ്ങള്‍ അനാഥരായെന്ന് പറഞ്ഞവരാണേറയും.

ചാനല്‍ ക്യാമറകളില്‍ വി.വി.ഐ.വികള്‍ അപ്രസക്തരാകുന്നതും ഹൃദയംകൊണ്ട് പ്രാര്‍ത്ഥിച്ചും പൊട്ടിക്കരഞ്ഞും സാധാരണക്കാര്‍ നിറയുന്നതും ദൃശ്യമാധ്യമ ചരിത്രത്തിലും ഇതാദ്യം. മൂന്നുജില്ലകള്‍ താണ്ടാന്‍ 27 മണിക്കൂറെടുത്തതും ഒരുപക്ഷേ, കേരള ചരിത്രത്തില്‍ അപൂര്‍വം. ഇതിനിടെ വൈറലായ വീഡിയോകള്‍ ധാരാളം. മൃതദേഹം കൊണ്ടുപോയ ബസിനു പിന്നാലെ കുഞ്ഞുമകന്റെ കൈപിടിച്ച് ഓടുകയും ‘ഒരു മിനിട്ട് നിര്‍ത്തിത്തരൂ’ എന്ന് കരഞ്ഞ് അപേക്ഷിക്കുകയും ചെയ്യുന്നയാളുടെ വീഡിയോ ആയിരക്കണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്. ബസ് നിര്‍ത്തി അകത്തേക്ക് കയറിയ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് ചാണ്ടി ഉമ്മനെ ആശ്ലേഷിക്കുന്നതും പെരുന്നയില്‍ നിന്നുള്ള കണ്ണുനിറക്കുന്ന കാഴ്ചയായി. ഉമ്മന്‍ചാണ്ടി ഇനി ഓര്‍കളില്‍ മാത്രം ജീവിക്കും. എന്നാല്‍ ആ പുണ്യാത്മാവ് ജീവിതസാഹചര്യമൊരുക്കിയ ആയിരങ്ങളുടെ പ്രാര്‍ത്ഥനയില്‍ ‘ഉമ്മന്‍ചാണ്ടി’ എന്ന അധ്യായം അപൂര്‍ണമായി ബാക്കിനില്‍ക്കും.

webdesk11: