X

രാഷ്ട്രീയത്തിലും ‘കേരളാ മോഡല്‍’ ഇന്ത്യക്ക് ആവശ്യം: പി.കെ കുഞ്ഞാലിക്കുട്ടി

മനാമ: ഇന്ത്യക്കു കേരളം പലനിലയ്ക്കും മാതൃകയാണെന്നും രാഷ്ട്രീയ രംഗത്തും അത്തരത്തിലുള്ള മാതൃക ആവശ്യമാണെന്നും മുസ്ലിം ലീഗ് ദേശിയ ജന. സെക്രട്ടറിയും നിയുക്ത എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക ബഹ്റൈന്‍ വാര്‍ഷികാഘോഷമായ ‘ഹരിത ചന്ദ്രിക 2017’ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വര്‍ഗീയതക്കെതിരെ കേരളം ഒറ്റക്കെട്ടായി പല സന്ദര്‍ഭങ്ങളിലും നിലക്കൊണ്ടിട്ടുണ്ട്. ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിതെന്നു കുഞ്ഞാലിക്കുട്ടി വിശദമാക്കി.
ചിലര്‍ നല്ല പേരുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ അവരുടെ കൈയ്യിലിരിപ്പ് അങ്ങേയറ്റം മോശമാണെന്നു തെളിയുന്നു. മതേതരത്വത്തിനു വേണ്ടി പ്രവര്‍ത്തിച്ചു കാണിക്കുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം ഡിജിറ്റല്‍ പവറിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക മുന്നേറ്റമുണ്ടാക്കിയതു ഗുജറാത്തല്ല, കേരളമാണെന്നു നാം മനസ്സിലാക്കണം. താന്‍ ഐ ടി വകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്തു കേരളത്തെ ഡിജിറ്റല്‍ സ്റ്റേറ്റാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തിയത്. ഫോണിലൂടെ എല്ലാം സാധ്യമാകുന്ന കാലമാണിത്. ഇനി വിര്‍ച്വല്‍ ഓഫീസുകളും വന്നേക്കാം. സോഷ്യല്‍ മീഡിയയായ വാട്സാപ്പും ഫേസ്ബുക്കും ക്രിയാത്മകായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതുപയോഗിച്ചു വല്ലവന്റേയും തലയില്‍ കയറുന്ന മലയാളികളുടെ എണ്ണവും കുറവല്ല.
ഇന്നത്തെ യുവാക്കള്‍ എല്ലാവെല്ലുവിളികളും ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്നാണു കരുതുന്നത്. പ്രവാസ ലോകത്ത് എണ്ണ വിലത്തകര്‍ച്ച തൊഴിലവസരങ്ങള്‍ കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പുതിയ വഴികള്‍ തുറന്നുകൊടുക്കും എന്നതാണുദൈവ നീതി.
നാട്ടില്‍ തിരിഞ്ഞു കളിക്കാന്‍ കഴിയാത്തവരാണു മലയാളികള്‍. അവസരങ്ങള്‍ തേടി കണ്ടെത്തിയവരാണവര്‍. ആദ്യം മലേഷ്യയിലേക്കും റങ്കൂണിലേക്കും അവര്‍ സഞ്ചരിച്ചു. പിന്നീടാണു ഗള്‍ഫിന്റെ ആകര്‍ഷണമുണ്ടായത്. ഇനി ചിലപ്പോള്‍ ആഫ്രിക്കയിലേക്കായിരിക്കും അവര്‍ സഞ്ചരിക്കുക. എവിടെ ചെന്നാലും സ്മാര്‍ട്ടായിരിക്കുക എന്നതായിരിക്കണം മലയാളികളുടെ ദൗത്യം. മലയാളിയെന്ന വികാരം എവിടെ ചെന്നാലും നമുക്കുണ്ട്. നമ്മുടെ മണ്ണ് അത്രയും സെക്യൂലറാണ്.
വര്‍ഷങ്ങളായി ഗള്‍ഫിന്റെ വികസനത്തില്‍ മലയാളിയുടെ കരവിരുതുണ്ടെന്നത് എടുത്തു പറയേണ്ടതാണ്. മതേതരത്വത്തിനുവേണ്ടി ശക്തമായ നിലപാടു സ്വീകരിക്കുന്ന 85 വര്‍ഷത്തെ പാരമ്പര്യമുള്ള പത്രമാണു ചന്ദ്രിക.
വായന ശീലിപ്പിക്കുന്നതില്‍ അതു വലിയ പങ്കു വഹിച്ചു. ഈ ഡിജിറ്റല്‍ യുഗത്തിലും തളരാതെ ചന്ദ്രിക മുന്നോട്ടു പോവുന്നു. തീവ്രവാദവും വര്‍ഗീയതയും വ്യാപിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ നിരന്തരം എഴുതിയ പത്രമാണു ചന്ദ്രിക. മുസ്ലിംകള്‍ക്കെതിരായി നടക്കുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതില്‍ ചന്ദ്രിക വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. പഴയകാലത്തു വഹിച്ച പലിയ പങ്കിനെ ചെറുതായി കാണുന്ന പ്രവണത സോഷ്യല്‍ മീഡിയയുടെ കാലത്തു കണ്ടുവരുന്നു. അങ്ങനെ ചെറുതാക്കാന്‍ കഴിയാത്തതാണ് മുന്‍കാലങ്ങളില്‍ ചന്ദ്രിക വച്ച ഓരോ ചുവടുകളും. സി എച്ച് മുഹമ്മദ് കോയയെ പോലുള്ളവരുടെ എഴുത്തും പ്രസംഗവും എല്ലാം മതേതരത്വത്തെ വളര്‍ത്തുന്നതില്‍ വലിയ പങ്കാണു വഹിച്ചത്.
ഇപ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒറ്റമുറി കുടിലില്‍ കഴിയുന്ന മനുഷ്യരെ ധാരാളം കാണാം. അവര്‍ക്കുപോലും വീടെന്ന സ്വപ്‌നവുമായി കെ എം സി സി എത്തിച്ചേരുന്നു. ദരിദ്രര്‍ക്കും വീടും ചികില്‍സയും ജീവകാരുണ്യ സഹായങ്ങളുമായി ഓടിയെത്താന്‍ ഈ പ്രസ്ഥാനമുണ്ട്. ഈ മുന്നേറ്റത്തില്‍ ഏതു ഘട്ടത്തിലും കൂടെ നില്‍ക്കാന്‍ ഈ പ്രസ്ഥാനത്തിന്റെ നേതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു.

chandrika: