റോം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥ പിന്നീട് ലോകത്തെ ഏറ്റവും പ്രശസ്തമായ പഴഞ്ചൊല്ലുകളിലൊന്നായി മാറുകയായിരുന്നു. പുകള്‍പെറ്റ റോമാ സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രമായിരുന്ന റോം നഗരം കത്തിച്ചാമ്പലാവുമ്പോള്‍ നീറോ ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ തീരനഗരമായ ആന്റിയത്തില്‍ സുഖവാസത്തിലായിരുന്നു എന്നതാണ് ചരിത്രം. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഏറ്റവും പുതിയ തീരുമാനമായ മന്ത്രിമാരുടെ വിദേശ പര്യടനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ റോമിനേയും നീറോ ചക്രവര്‍ത്തിയേയും മലയാളി ഒരിക്കല്‍ കൂടി ഓര്‍ത്തുപോവുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഒരു സര്‍ക്കാറിലെ മന്ത്രിമാരുടെ കൂട്ടത്തോടെയുള്ള വിദേശ പര്യടനത്തിനുള്ള തീരുമാനം മറ്റെന്തിനോടാണ് ജനങ്ങള്‍ക്ക് ഉപമിക്കാന്‍ കഴിയുക. മുഖ്യമന്ത്രിയുടേയും കൂട്ടരുടേയും പര്യടനം ഈ മാസം തന്നെ ആരംഭിക്കുകയാണ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും ഒക്‌ടോബര്‍ ഒന്നുമുതല്‍ രണ്ടാഴ്ച്ചയാണ് യൂറോപ്യന്‍ പര്യടനത്തിനിറങ്ങുന്നത്. ഫിന്‍ലാന്റ്, നോര്‍വേ, ബ്രിട്ടണ്‍, എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഇരുവര്‍ക്കുമൊപ്പം വ്യവസായ മന്ത്രി പി. രാജീവും ധനമന്ത്രി കെ.എന്‍ ബാലഗോപാലും പിന്നീട് ചേരുമെന്നാണ് അറിയിപ്പ്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഈ മാസം തന്നെ പുറപ്പെടുകയാണ്. 19ന് പാരീസിലേക്ക് പുറപ്പെടുന്ന അദ്ദേഹം 20നു നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഈ മാസം തന്നെ ഗള്‍ഫിലേക്ക് പുറപ്പെടുകയാണ്. ഉദ്യോഗസ്ഥ സംഘങ്ങളും എല്ലാ മന്ത്രിമാരെയും അനുഗമിക്കുന്നുണ്ട്
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോഴാണ് ഈ യാത്രകളുടെ അസാംഗത്യം വ്യക്തമാകുന്നത്. കേരളം സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടുവെന്നാണ് ഓണം കഴിഞ്ഞപ്പോഴുള്ള വാര്‍ത്ത. അടുത്തയാഴ്ച കടുത്ത ട്രഷറി നിയന്ത്രണങ്ങളുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ചെലവു ചുരുക്കല്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളിലേക്കാണ് സര്‍ക്കാര്‍ നീങ്ങാനിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം പോലും വൈകുന്ന സാഹചര്യം സംജാതമായിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പല സ്വപ്ന പദ്ധതികള്‍ പോലും കൈയ്യാലപ്പുറത്തായേക്കാവുന്ന ദയനീയമായ സാഹചര്യം. ഇങ്ങനെയൊരു അവസ്ഥയില്‍ എന്തിനാണ് മന്ത്രിമാരുടെ തിരക്കിട്ടുള്ള യാത്ര എന്ന ചോദ്യം ഭരണമുന്നണിയില്‍ നിന്നുപോലും ഉയരുമെന്നുറപ്പാണ്. എന്നാല്‍ മന്ത്രിമാരുടെ യാത്രയെകുറിച്ചുള്ള സി.പി.എമ്മിന്റെ പ്രതികരണമാണ് അതിനേക്കാള്‍ കൗതുകം. വിദേശ പര്യടനം അത്യാവശ്യമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ നല്‍കിയ വിശദീകരണം.
ഒന്നാം പിണറായിസര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയും അന്നത്തെ മന്ത്രിമാരും നടത്തിയ യാത്രകളും അവയുടെ അനന്തരഫലങ്ങളും പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും ഈ യാത്രകളുടെയൊക്കെ നിരര്‍ത്ഥകഥ. ആറര വര്‍ഷത്തിനിടെ 85 യാത്രകളാണ് ഒന്നും രണ്ടും സര്‍ക്കാറുകളിലായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത്. 15 തവണ ഉലകം ചുറ്റിയ മുഖ്യമന്ത്രി തന്നെയാണ് അവിടെയും ഒന്നാമത്. അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 13 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി 2019 ല്‍ മാത്രം നെതര്‍ലാന്റ്, സിറ്റ്‌സര്‍ലാന്റ് ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇതിനു പുറമെ ആറുവട്ടം യു.എ.ഇയും നാലുവട്ടം യു.എസും സന്ദര്‍ശിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 50 ലക്ഷത്തോളം രൂപ വിമാന ടിക്കറ്റിന്റെ ഇനത്തില്‍ മാത്രം മന്ത്രിമാര്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഈ യാത്രകളുടെ ഗുണം എന്ത് എന്ന ചോദ്യത്തിന് മാത്രം സര്‍ക്കാറിന് ഒരു ഉത്തരവുമില്ല. മുഖ്യമന്ത്രിയുടെ യു.എ.ഇ പര്യടനത്തിന് കാര്‍മികത്തം വഹിച്ചിരുന്നത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. ശിവശങ്കറായിരുന്നു. ആ യാത്രകളില്‍ പ്രവാസി സമൂഹത്തിന് മുഖ്യമന്ത്രി നല്‍കിയ മോഹന വാഗ്ദാനങ്ങളും അവയിലൊന്നുപോലും പാലിക്കപ്പെടാതിരുന്നതും പിന്നീട് കേരളത്തില്‍ നിരവധി തവണ ചര്‍ച്ചക്ക് വിധേയമായതാണ്.
വെള്ളപ്പൊക്ക നിയന്ത്രണം, റോഡുകളുടെ നിലവാരം ഉയര്‍ത്തല്‍, കൃഷി വികസനം, തുടങ്ങിയ മനോഹരമായ ലക്ഷ്യങ്ങളുമായി നടത്തിയ യാത്രകളുടെ ബാക്കിപത്രം മലയാളികള്‍ ആവോളം അനുഭവിച്ചു കഴിഞ്ഞിരിക്കുകയാണ്. പുതിയ യാത്രക്കും ഇതില്‍ കവിഞ്ഞൊരു പ്രാധാന്യം ആരും കല്‍പ്പിക്കുന്നില്ല എന്നതാണു വാസ്തവം. പക്ഷേ വലിയ വലിയ കാര്യങ്ങളുടെ പേരില്‍ നടത്തുന്ന ഇത്തരം വിനോദ സഞ്ചാരത്തിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും വീണ്ടും വിഢ്ഡികളാക്കിക്കൊണ്ടിരിക്കുകയാണ്.