തിരുവനന്തപുരം: കൊടും ചൂടില്‍ ഉരുകി ഒലിച്ച് കേരളം. അടുത്ത രണ്ട് ദിവസങ്ങളിലും ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയില്‍ രണ്ടു മുതല്‍ നാലു ഡ്രിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ ദേശം നല്‍കി.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപലനില ഉയരും. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കും. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ തൊഴിലാളികള്‍ പുറം ജോലികള്‍ ചെയ്യുന്നത് വിലക്കി.
തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.6 ഡിഗ്രി സെല്‍ഷ്യസാണ്. പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസാണ്. കോട്ടയത്തും പുനലൂരിലും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. വരും ദിവസങ്ങളില്‍ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ് സാധ്യത. വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിവസങ്ങളാണെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പും മറ്റ് കാലാവസ്ഥ ഏജന്‍സികളും നല്‍കുന്ന മുന്നറിയിപ്പ്. ഫെബ്രുവരി ആദ്യ വാരം തന്നെ പലയിടങ്ങിളിലും പരമാവധി താപനില 35 ഡിഗ്രി പിന്നിട്ടിട്ടുണ്ട്.