X

എങ്ങുമെത്താതെ മദ്രസാ അധ്യാപകരുടെ ഭവനപദ്ധതി; താളം തെറ്റി ന്യൂനപക്ഷ വകുപ്പ്

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന മദ്രസാ അധ്യാപകരുടെ ഭവനപദ്ധതിയില്‍ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് അപേക്ഷകള്‍. മദ്രസാ അധ്യാപകര്‍ക്കായി ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ നല്‍കുന്ന പലിശരഹിത ഭവനവായ്പാ പദ്ധതിയില്‍ ഇതുവരെ നല്‍കാനായത് നൂറ് വീടുകള്‍ മാത്രമാണ്. മാര്‍ച്ച് 31ന് മുമ്പ് അഞ്ഞൂറ് പേര്‍ക്ക് കൂടി വായ്പ അനുവദിക്കുമെന്നാണ് വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് അപേക്ഷ സ്വീകരിച്ചത്. 600 മദ്രസാ അധ്യാപകര്‍ വായ്പക്കായി അപേക്ഷിച്ചിരുന്നു.
ഒരു വീടിന് 2.5 ലക്ഷം രൂപയാണ് പലിശ ഈടാക്കാതെ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതുവരെ 2.5 കോടിയാണ് വായ്പ നല്‍കിയത്. 15 കോടി രൂപയാണ് പദ്ധതിക്കായി ആകെ വകയിരുത്തിയത്. എന്നാല്‍ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ ന്യൂനപക്ഷ വകുപ്പിന് കഴിഞ്ഞില്ല. നൂറ് പേര്‍ക്കുകൂടി വായ്പ നല്‍കുകയും തുടര്‍ന്ന് ലിസ്റ്റിലുള്ള 400 പേരെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് പരിഗണിക്കാനുമാണ് ആലോചിച്ചിരുന്നത്. അതേസമയം പുതിയ സാഹചര്യത്തില്‍ ഭവനവായ്പകള്‍ നല്‍കുന്നതിന് പൊതുവേയുണ്ടായ കാലതാമസമാണ് മദ്രസാ അധ്യാപകരുടെ പദ്ധതിയിലും സംഭവിച്ചതെന്നും പദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നതിന് തടസങ്ങളില്ലെന്നുമാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. പദ്ധതിയില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തുന്നതിനായി വീണ്ടും അപേക്ഷ ക്ഷണിക്കും. കേന്ദ്രഫണ്ടിന്റെ കുറവ് ഉള്‍പെടെയുള്ള പ്രശ്‌നങ്ങളുണ്ടെങ്കിലും മദ്രസാ അധ്യാപകരുടെ ഭവന വായ്പ കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ ഉറപ്പുനല്‍കിയിരുന്നു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിക്ക് യു.ഡി.എഫ് സര്‍ക്കാരാണ് തുടക്കം കുറിച്ചത്. അധ്യാപകരായി രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചവരും ക്ഷേമനിധിയില്‍ അംഗങ്ങളായവരുമായ മുഴുവന്‍ മദ്രസാ അധ്യാപകര്‍ക്കും പലിശരഹിത വായ്പ ലഭ്യമാക്കാനാണ് മന്ത്രിയായിരിക്കെ മഞ്ഞളാംകുഴി അലി പദ്ധതി തയാറാക്കിയത്. എട്ടു വര്‍ഷം കൊണ്ട് ലഘുതവണകളായാണ് തിരിച്ചടവ്. അപേക്ഷകന്റെ സ്വന്തം പേരില്‍ ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞത് മൂന്ന് സെന്റും നഗരങ്ങളില്‍ 2.5 സെന്റും ഭൂമി ഉള്ളവര്‍ക്ക് വായ്പ ലഭിക്കും. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഉടമസ്ഥതയിലുള്ള വസ്തുവും പരിഗണിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം സമര്‍പിച്ചാല്‍ വാസയോഗ്യമല്ലാത്ത വീടിന് പുനര്‍നിര്‍മാണവും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. അപേക്ഷകന്റെ ഉയര്‍ന്ന പ്രായം, വരുമാനപരിധി, കുടുംബത്തിലെ മാറാരോഗികള്‍, അംഗവൈകല്യമുള്ളവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, വിധവകള്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ എന്നിവരടങ്ങിയ കുടുംബങ്ങളിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധമാണ് പ്രോജക്ട് തയാറാക്കിയിരുന്നത്.

chandrika: