തിരുവനന്തപുരം: നാളെ മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്ന് പൊലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്.
നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് ഇന്നലെ ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സംബന്ധിച്ച് പൊലീസിന് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ എങ്ങനെ നടപ്പാക്കും എന്നതിലാണ് ആശയക്കുഴപ്പം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയേയും പോലീസ് അറിയിച്ചിട്ടുണ്ട്.
നിര്‍മാണ മേഖലയ്ക്ക് കൂടുതല്‍ ഇളവ് നല്‍കിയാല്‍ കൂടുതല്‍ ആള്‍ക്കാര്‍ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്ന് പോലീസ് പറയുന്നു. അത് ജനങ്ങളെ നിയന്ത്രിക്കുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സഹകരണ മേഖലയില്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതും കൂടുതല്‍ പേര്‍ പുറത്തിറങ്ങുന്നതിന് വഴിയൊരുക്കും. കടകളുടെ പ്രവര്‍ത്തന സമയം പരമാവധി അഞ്ച് മണിക്കൂര്‍ ആയി നിശ്ചയിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ പൂര്‍ണമായ ലോക്ഡൗണ്‍ മാത്രമേ പ്രയോജനം ചെയ്യൂ എന്നും പൊലീസ് പറയുന്നു.