X

പെട്ടി പൊട്ടിക്കുന്നു, ആദ്യ ഫലസൂചന എട്ടരയോടെ; ഉച്ചയോടെ എല്ലാം- അറിയേണ്ട പത്തുകാര്യങ്ങള്‍

തിരുവനന്തപുരം: കൂട്ടിയും കിഴിച്ചുമുള്ള മുന്നണികളുടെ കാത്തിരിപ്പിന് അന്ത്യമാകുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നാളെ രാവിലെ മുതല്‍ അറിയാം. എട്ട് മണി മുതല്‍ തന്നെ വോട്ടെണ്ണല്‍ പുരോഗതി തത്സമയം അറിയാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാം. മുഴുവന്‍ ഫലവും ഉച്ചയോടെ തന്നെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്.

തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- 7, കണ്ണൂര്‍- 20, കാസര്‍ഗോഡ്- 9 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.

  1. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണ തപാല്‍ വോട്ടുകള്‍ കൂടുതലാണ്. അതു കൊണ്ടു തന്നെ പതിവിലും കൂടുതല്‍ നേരം ഇവ എണ്ണിത്തിട്ടപ്പെടുത്താന്‍ എടുക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ രാവിലെ എട്ടു മണിക്ക് മുമ്പ് അതാത് വരണാധികാരിക്ക് അതാത് കൗണ്ടിങ് സെന്ററില്‍ ലഭ്യമാക്കും. രാവിലെ എട്ടു മണി വരെ വരണാധികാരിയുടെ കൈവശം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകളേ പരിഗണിക്കൂ. അതിനു ശേഷം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതല്ല.
  2. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാള്‍ ഉണ്ടാകും.
  3. പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും സാമൂഹിക അകലം പാലിച്ച് കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ത്തന്നെ ക്രമീകരിക്കും.
  4. കൗണ്ടിങ് ഹാളില്‍ സജ്ജീകരിച്ച വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമില്‍നിന്നു കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക. ഒന്നാം വാര്‍ഡ് മുതലാണു വോട്ടെണ്ണല്‍. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണുക.
  5. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാകും.
  6. പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൗണ്ടിങ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് റിട്ടേണിങ് ഓഫീസര്‍മാര്‍ നല്‍കുന്ന പാസ് നിര്‍ബന്ധമാണ്. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടക്കുക.
  7. കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് അവരുടെ തെരഞ്ഞെടുപ്പ് ഏജന്റിന് പുറമേ, ഒരു കൗണ്ടിങ് ടേബിളിന് ഒരു ഏജന്റിനെ മാത്രം ചുമതലപ്പെടുത്താം.
  8. കൗണ്ടിങ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിങ് ഏജന്റുമാരും കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
  9. വാര്‍ഡിലെ എല്ലാ വോട്ടിങ് മെഷീനുകളിലേയും വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം അന്തിമ ഫലം തയ്യാറാക്കും. റിസള്‍ട്ട് ഷീറ്റ് ഏജന്റുമാര്‍ ഒപ്പിട്ടു നല്‍കണം. വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് ഉടന്‍ തന്നെ റിട്ടേണിങ് ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
  10. ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സൈറ്റ് സജ്ജമായിട്ടുണ്ട്. വോട്ടെണ്ണലിന്റെ പുരോഗതി സമഗ്രമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തത്സമയം ലഭിക്കും.
    സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ കാണാന്‍ കഴിയും.

Test User: