X

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് തുടക്കമായി

കേരള സാഹിത്യോത്സവത്തിന്റെ നാലാം എഡിഷന്‍ കോഴിക്കോട് കടപ്പുറത്ത് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ നാലാം എഡിഷന്‍ കോഴിക്കോട് കടപ്പുറത്ത് സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്‍ തീവ്ര ഇടതുപക്ഷത്തിന്റെ വാര്‍ഷിക സംഗമമാവും. കല, സാഹിത്യം, രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ചകള്‍, സംവാദങ്ങള്‍, അഭിമുഖങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. അമേരിക്ക, യു.കെ, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയിന്‍, ശ്രീലങ്ക തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അഞ്ഞൂറിലേറെ കവികള്‍, ചിന്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.
കലാസാംസ്‌കാരിക സായാഹ്നങ്ങള്‍, ചിത്രപ്രദര്‍ശനം, പുസ്തകോത്സവം, ചലച്ചിത്രോത്സവം, കവിയരങ്ങ്, കഥയരങ്ങ്, ഖവ്വാലി, റഷ്യന്‍ മ്യൂസിക്ക് ആന്‍ഡ് ഡാന്‍സ്, കഥകളി, സൂഫി റോക്ക് മ്യൂസിക്ക്, വയലിന്‍ കച്ചേരി എന്നിവയും നടക്കും. ഉദ്ഘാടന ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ടി. പത്മനാഭന്‍, അമീഷ് ത്രിപാഠി, സേതു, ബെന്യാമിന്‍, എം.കെ രാഘവന്‍ എം.പി, എ പ്രദീപ് കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവ റാവു, കാളിരാജ് മഹേശ്വ് കുമാര്‍ ഐ.പി.എസ്, അലക്്‌സാണ്ട്ര ബുച്ചലര്‍, നോര്‍വേ നയതന്ത്രജ്ഞയായ അര്‍ണേ റോയി വാള്‍ത്തര്‍, വി.ജി മാത്യു, കെ.രാധാകൃഷ്ണന്‍, രമേശന്‍ പാലേരി, വി സുനില്‍ കുമാര്‍, ഫൈസല്‍ ഇ കൊട്ടിക്കോളന്‍, ഷബാന ഫൈസല്‍, രാജേഷ് നായര്‍, എസ് ഉണ്ണികൃഷ്ണന്‍, ജോബി എം.സി, ശ്യം ശ്രീനിവാസന്‍, കരണ്‍ഭക്ഷി, ഡോ. സാംജി സാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചീഫ് കോഡിനേറ്റര്‍ രവി ഡിസി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എ.കെ അബ്ദുല്‍ ഹക്കിം നന്ദിയും പറഞ്ഞു.
ആദ്യ ദിനമായ ഇന്നലെ അമീഷ് ത്രിപാഠി, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സിതാകാന്ത് മഹാപാത്ര, ദാമോദര്‍ മൗസോ, എച്ച്.എസ് ശിവപ്രകാശ്, പ്രതിഭാ നന്ദകുമാര്‍, ആനന്ദ് പത്മനാഭന്‍, ചന്ദ്രകാന്ത് പാട്ടീല്‍, അനുരാധ പാട്ടീല്‍, പ്രഫുല്‍ ശിലേദര്‍, ശ്രീധര്‍ നന്ദേദ്കര്‍, ചേരന്‍ രുദ്രമൂര്‍ത്തി, പ്രദ്‌ന്യ ദയ പവാര്‍, ഡോ. വിക്രം പരാല്‍കര്‍ എന്നിവര്‍ സംബന്ധിച്ചു. നവകേരള നിര്‍മാണത്തിന് കരുത്ത് പകരുന്ന മുങ്ങി നിവര്‍ന്ന കേരളം, പ്രളയാനന്തര കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍, പ്രളയാനന്തരം അനുഭവം സാഹിത്യവും എന്നീ വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ വേറിട്ടു നിന്നു. തീണ്ടാനാരികളും അയ്യപ്പനും വിഷയത്തില്‍ നടന്ന സംവാദം സമകാലികതയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. തൊഴിലും ഉടലും വിഷയത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും കുറിച്ചും ചര്‍ച്ച ചെയ്തു.

chandrika: