തിരുവന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന കത്ത് വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്.മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ ആണ് കേസ് അന്വേഷിക്കുക.
അതേസമയം മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദം സി.പി.എമ്മിന്റെ ന്യായീകരണ സാധ്യതകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നതോടെ തലസ്ഥാനത്ത് രാഷ്ട്രീയ നാടകം. മേയര്‍, തിരുവനന്തപുരത്ത് തിരിച്ചെത്തിയതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിളിച്ചുവരുത്തി വിശദീകരണം തേടി. എന്നാല്‍ മേയര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് എം.വി ഗോവിന്ദന്‍ അറിയിച്ചു. പിന്നാലെ മേയര്‍ മുഖ്യമന്ത്രിയെ കണ്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാകട്ടെ മേയര്‍ക്കായി പലവിധ വിശദീകരണങ്ങളാണ് നല്‍കിയത്.
ജില്ലാ സെക്രട്ടറി കത്ത് വ്യാജമാണെന്ന് വ്യക്തമാക്കാത്തതും കത്ത് എങ്ങനെ പുറത്തായി എന്ന വിഷയത്തില്‍ അന്വേഷണം നടക്കുന്നതും കത്ത് വ്യാജമല്ലെന്ന് പാര്‍ട്ടി തന്നെ സമ്മതിക്കുന്നതിന് സമാനമാണ്. സി.പി.എം വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തായ കത്തിനു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന് വ്യക്തമായതോടെ കത്തുപുറത്തുവിട്ടതാരെന്ന് ജില്ലാ കമ്മിറ്റി അനൗദ്യോഗികമായി അന്വേഷണം നടത്തുന്നുണ്ട്. കത്തെഴുതിയത് മേയര്‍ തന്നെയെന്നും എന്നാല്‍ കത്ത് പുറത്തുവിട്ടത് ആനാവൂരിനെ ഒതുക്കാനുള്ള ചില നേതാക്കളുടെ നീക്കമാണെന്നും പറയപ്പെടുന്നു.
അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തില്‍ സി.പി.എമ്മിന്റെ യുവജന സംഘടന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനിടെയാണ് അനധികൃത നിയമനങ്ങള്‍ നടത്താന്‍ തീരുമാനിച്ചുകൊണ്ട് പാര്‍ട്ടിയിലെ യുവ വനിതാ നേതാവു കൂടിയായ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തുവരുന്നത്. ഇത് രാഷ്ട്രീയമായി സി.പി.എമ്മിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.എന്നാല്‍ കത്ത് വ്യാജമെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് സി.പി. എം സംസ്ഥാന സെക്രട്ടറി പറയുന്നത്. നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇങ്ങനെ കത്തെഴുതുന്ന സംവിധാനം സി.പി.എമ്മിലില്ലെന്നാണ് എം.വി ഗോവിന്ദന്റെ വിശദീകരണം. സംസ്ഥാനസമിതി അംഗങ്ങളടക്കം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലേക്കാണ് മേയറെ വിളിച്ചുവരുത്തിയത്. കത്ത് തന്റേതല്ലെന്നും കത്തില്‍ തന്റെ ഒപ്പില്ല, സീല്‍ മാത്രമേയുള്ളുവെന്നുമാണ് മേയര്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം കത്ത് വ്യാജമാണോ എന്ന് തനിക്കറിയില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.
പാര്‍ട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷമാണ് മേയര്‍, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് മേയര്‍ മുഖ്യമന്ത്രിയോട് സംസാരിച്ചത്. ഡി.ജി.പി അനില്‍കാന്തും ക്ലിഫ് ഹൗസിലെത്തിയിരുന്നു.
മേയറുടെ ലെറ്റര്‍പാഡും ഒപ്പും സീലും വ്യാജമായി ഉപയോഗിച്ചെന്ന ആരോപണം സിപിഎം ഉയര്‍ത്തുന്നുണ്ടെങ്കിലും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് കണ്ടെത്തുന്നതിന് കടുത്ത നിലപാട് സ്വീകരിക്കാന്‍ മേയറോ പാര്‍ട്ടിയോ ഇനിയും തീരുമാനിച്ചിട്ടില്ല. ഇതിനിടെ മേയറുടെ പരിചയക്കുറവാണ് ഇത്തരമൊരു കത്തിനു പിന്നിലെന്നും ഇത് ഗൗരവമായി കാണേണ്ടതില്ലെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ച് ആനാവൂര്‍ നാഗപ്പനു നല്‍കിയ കത്താണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ‘സഖാവേ’ എന്ന് സംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.കത്തയച്ചത് മേയര്‍ തന്നെയെന്ന് വ്യക്തമാണെന്നും കത്ത് പുറത്തായപ്പോള്‍ പാര്‍ട്ടിതലത്തില്‍ പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കോര്‍പറേഷനിലെ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.