തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വിവാദമാകുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പിയേയും കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വായിക്കാതെ ഒഴിവാക്കിയതാണ് പുതിയ വിവാദം. വര്‍ഗീയ ശക്തികള്‍ വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു, സഹകരണ ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നു എന്നീ പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ വിട്ടുകളഞ്ഞത്. കേന്ദ്ര പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നുവെന്ന പരാമര്‍ശവും ഗവര്‍ണര്‍ ഒഴിവാക്കി.
നയപ്രഖ്യാപനത്തിന്റെ ആദ്യ ഭാഗത്തില്‍ കേരളത്തിനെതിരെ കുപ്രചരണം നടക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. നോട്ട് നിരോധനവും ജി.എസ്.ടിയും കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കേരളത്തിനെതിരെ ദേശിയതലത്തില്‍ കുപ്രചാരണം നടന്നു,. ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. ഇതരസംസ്ഥാന തൊളിലാളികളുടെ ഇടയില്‍ ആശങ്കപടര്‍ത്താന്‍ ഇവര്‍ ശ്രമിച്ചു. ഗവര്‍ണര്‍ പറഞ്ഞു.
സാമൂഹ്യവികസനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ഇവര്‍ തമസ്‌കരിച്ചുവെന്നും അദേഹം പറഞ്ഞു. ജിഎസ്ടിയും നോട്ട് നിരോധനവും കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ത്തു. ഓഖിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും. ഈ ദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ദുരന്തനിവാരണം കൂടുതല്‍ മെച്ചമാക്കും. ക്രമസമാധാനത്തില്‍ കേരളത്തില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനുള്ളതെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കായല്‍ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ഇതിന് സംബന്ധിച്ച് കൂടിയാലോചിക്കാന്‍ യുഡിഎഫ് നേതൃത്വം ഇന്നു രാവിലെ യോഗം ചേര്‍ന്നിരുന്നു.
നയപ്രഖ്യാപനത്തില്‍ ഒരു നയവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും ശുഷ്‌കമായ ഈ പ്രസംഗം യാഥാര്‍ഥ്യ ബോധമില്ലാത്തതാണ്. ഗവര്‍ണറെക്കൊണ്ട് ഓഖി ദുരന്ത വിഷയത്തില്‍ നുണ പറയിപ്പിച്ചു. സാധാരണക്കാര്‍ കേരളത്തില്‍ അനുഭവിക്കുന്ന ജീവിത പ്രയാസങ്ങള്‍ വിവരിക്കാനോ കേരളത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളോ നയപ്രഖ്യാപനത്തില്‍ വന്നിട്ടില്ല. ഇത്തരം ഒരു നയപ്രഖ്യാപനത്തില്‍ പ്രതിപക്ഷം ശക്തമായ വിമര്‍ശനം രേഖപ്പെടുത്തുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍, ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കു ചരമോപചാരം അര്‍പ്പിക്കാനായി സഭ ചൊവ്വാഴ്ച ചേരും. 25 ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കും. 26 മുതല്‍ 29 വരെ സഭ ചേരില്ല. 30 മുതല്‍ വീണ്ടും ചര്‍ച്ച. ഫെബ്രുവരി രണ്ടിനു സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും.