X

പിണറായി ലക്ഷ്യമിടുന്നത് മന്ത്രിസഭയിലും സമ്പൂര്‍ണാധിപത്യം, കരുനീക്കങ്ങള്‍ തകൃതി

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലും സിപിഎമ്മിലും ചര്‍ച്ചകള്‍ തകൃതിയായി പുരോഗമിക്കവെ ശക്തമായ കരു നീക്കങ്ങളുമായി മുഖ്യ മന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. തനിക്ക് കീഴ്‌വണങ്ങി നില്‍ക്കുമെന്ന് ഉറപ്പുള്ളവരെ മാത്രം സി.പി.എം മന്ത്രിമാരായി ഉള്‍ക്കൊള്ളിക്കുന്നതിന് വേണ്ടിയുള്ള ചരടു വലികളാണ് പിണറായി വിജയന്‍ നടത്തുന്നത്.ഇതിന്റെ ഭാഗമായി ഇതിനകം മന്ത്രിസഭാ ബര്‍ത്ത് ഉറപ്പാക്കിയ പി.രാജീവിനെ പോലുള്ളവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനിടയില്ലെന്നാണറിയുന്നത് തന്റെ രണ്ടാം മന്ത്രിസഭ നിലവിലേതിനെ അപേക്ഷിച്ച് വേറിട്ടതാകണമെന്ന് പിണറായിക്ക് നിര്‍ബന്ധമുണ്ട്. ഇതിന് വേണ്ടിയാണ് മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നത് . തുടക്കം നന്നായി എന്ന് മുഴുവന്‍ പേരെ കൊണ്ടും പറയിച്ച് കയ്യടി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഇതോടൊപ്പം സിപിഎമ്മിന് ലഭിക്കുന്ന മന്ത്രിമാര്‍ പൂര്‍ണ്ണമായും തന്റെ വരുതിയില്‍ നില്‍ക്കുന്നവരാണെന്ന് ഉറപ്പാക്കുകയും വേണം. എറണാകുളത്തു നിന്നുള്ള മന്ത്രിസ്ഥാനം കളമശേരിയിലെ നിയുക്ത എം.എല്‍.എ പി.രാജീവ് തുടക്കത്തില്‍ തന്നെ ഉറപ്പാക്കിയിരുന്നു.

പിണറായി വീണ്ടും അധികാരത്തിലെത്തിയാല്‍ പി.രാജീവ് ധനമന്ത്രിയാകുമെന്ന് തെരഞ്ഞടുപ്പ് വേളയില്‍ തന്നെ അവര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സി പി എമ്മിലെ എം എ ബേബി – തോമസ് ഐസക്ക് വിഭാഗത്തിന്റെ വക്താവായ പി.രാജീവിനെ പിണറായിക്ക് അത്ര പഥ്യമല്ലാത്തതിനാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.രാജീവിനെ വെട്ടിനിരത്താനാണ് ശ്രമം നടക്കുന്നത്.

ആദ്യം ശക്തനായ പിണറായി ഭക്തനായിരുന്ന പി രാജീവ് ഇടക്കാലം കൊണ്ടാണ് എം എ ബേബിയുടെയും തോമസ് ഐസക്കിന്റേയും പാളയത്തിലെ ശക്തനായ വക്താവായി മാറിയത്. ഇത്തരത്തിലുള്ള വരെ മന്ത്രിസഭയില്‍ എടുത്താല്‍ തന്റെ സര്‍വ്വാധിപത്യത്തിന് ഗുണകരമാകില്ലെന്നാണ് പിണറായി വിജയന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പി രാജീവിനെ മന്ത്രിസഭയില്‍ എടുത്തില്ലെങ്കില്‍ എംഎ ബേബിയും തോമസ് ഐസക്കും വട്ടം ഉടക്കുമെന്ന് ഉറപ്പാണ്. ഇതേ തുടര്‍ന്ന് പി രാജീവിന് സ്പീക്കര്‍ സ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കുകയാണ് പിണറായി വിജയന്റെ ലക്ഷ്യം. രാജീവിന് പകരം എറണാകുളത്തുനിന്ന് വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനെയോ കോതമംഗലത്തിന്റെ പ്രതിനിധി ആന്റണി ജോണിനെയൊ ഉള്‍പ്പെടുത്താനും പിണറായി നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഈ രണ്ടുപേരില്‍ ആരെ എടുത്താലും ഒരു സമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാമെന്ന ന്യായമാണ് പിണറായി ക്യാമ്പ് ഉയര്‍ത്തുന്നത്.
പുതിയ നിയമസഭയില്‍ സിപിഎമ്മിന് മാത്രം 68 എം.എല്‍എ മാര്‍ ഉള്ളതിനാല്‍ 13 മന്ത്രിസ്ഥാനം നേടിയെടുക്കാനാണ് നീക്കം നടക്കുന്നത്. ഈ 13 മന്ത്രിമാരും തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവര്‍ ആയിരിക്കണമെന്ന് പിണറായിക്ക് നിര്‍ബന്ധമുണ്ട്. വ്യക്തമായ കണക്കു കൂട്ടലുകളോടെയാണ് മുഴുവന്‍ സി,പി.എം മന്ത്രിമാരേയും നിശ്ചയിക്കുന്നതില്‍ പിണറായി വിജയന്‍ കരുനീക്കങ്ങള്‍ നടത്തുന്നത്. ഇതിനെതിരെ സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ ശക്തമായി രംഗത്തുണ്ടെങ്കിലും സഭയിലെ തന്റെ അപ്രമാദിത്തം ഉറപ്പാക്കാന്‍ ദീര്‍ഘദൃഷ്ടിയോടെയുള്ള കളികളാണ് പിണറായി നടത്തുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐക്ക് നാല് മന്ത്രിമാരുമാണ് ഉണ്ടായിരുന്നത്. ഇത്തവണ സിപിഐ മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങള്‍ ആണെന്ന് ധാരണ ഉണ്ടായിരിക്കെ അവരില്‍ നിന്ന് കാര്യമായ എതിര്‍ ശബ്ദം ഉണ്ടാകില്ലെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍.

ഇതേസമയം ചെലവുചുരുക്കലിന്റെ ഭാഗമായി മുന്‍ വിഎസ് സര്‍ക്കാരും പിണറായി സര്‍ക്കാരും മന്ത്രിമാരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കില്‍ ഇത്തവണ 21 മന്ത്രിമാരും ഇതിനു പുറമേ ചീഫ് വിപ്പ് പദവിയും എന്ന നിലയിലാകാനാണ് സാധ്യത. ഒരു എംഎല്‍എ മാത്രമുള്ള ഘടകകക്ഷികള്‍ക്ക് അടക്കം മന്ത്രിസ്ഥാനം നല്‍കുകയും സിപിഎമ്മിന് 13 മന്ത്രിമാരെ ഉള്‍ക്കൊള്ളിക്കുകയും ചെയ്യണമെങ്കില്‍ ഇത്തരത്തില്‍ ജംബോ മന്ത്രിസഭ അനിവാര്യമാകും

തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ വിജയത്തിന് വേണ്ടി വന്‍തോതില്‍ വോട്ട് മറിച്ച ബിഡിജെഎസിന്റെ താല്‍പര്യം കൂടി പരിഗണിച്ചാണ് നിയുക്ത വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനെ മന്ത്രിസഭയില്‍ എടുക്കാന്‍ സിപിഎമ്മും പിണറായി വിജയനും തയ്യാറാകുന്നത് എന്ന് ശക്തമായ ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ എന്‍ഡിഎ വൈപ്പിന്‍ നിയോജക മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് രാജ്‌വിയുടെ വീട്ടില്‍ അത്താഴവിരുന്ന് നടത്തിയത് വന്‍ വിവാദമായിട്ടുണ്ട്. രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്എന്‍ഡിപി യോഗം വനിതാ സംഘം സംസ്ഥാന പ്രസിഡണ്ട് ആണ്. വൈപ്പിന്‍ ഉള്‍പ്പെടെ ബിഡിജെഎസ് മത്സരിച്ച 21 മണ്ഡലങ്ങളിലും അവര്‍ ഇടതുമുന്നണിക്ക് അനുകൂലമായി വോട്ടു മറിച്ചെന്ന് ബിജെപി ശക്തമായ ആക്ഷേപവും പരാതിയും ഉന്നയിക്കുന്നതിനിടെയാണ് ഈ ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന തരത്തില്‍ ഉണ്ണികൃഷ്ണനെ മന്ത്രിസഭയിലേക്ക് എടുക്കാന്‍ നീക്കങ്ങള്‍ നടക്കുന്നത്.
തനിക്കെതിരെ രഹസ്യമായി പോലും ഒരക്ഷരം ഉരിയാടില്ല എന്ന് ഉറപ്പുള്ളവരെ മാത്രം മന്ത്രിസഭയില്‍ എത്തിക്കുക എന്നതാണ് പിണറായിയുടെ അജണ്ട.കഴിഞ്ഞ മന്ത്രിസഭയില്‍ കെ.ടി ജലീല്‍ പ്രശ്‌നത്തിലടക്കം നിരവധി വിഷയങ്ങളില്‍ മന്ത്രിസഭയിലുള്ളവര്‍ തന്നെ തന്റെ നിലപാടുകളെ ചോദ്യം ചെയ്ത അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് തുടക്കം മുതലേ ജാഗ്രത പാലിക്കാന്‍ പിണറായി തീരുമാനിച്ചിരിക്കുന്നത്.

 

Test User: