കൊച്ചി: കേരളത്തിന്റെ ഗതാഗത ചരിത്രം മാറ്റിക്കുറിക്കാനെത്തുന്ന കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. 10 രൂപയാണ് മെട്രോയിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക്. കൂടിയത് 60 രൂപയും. 10 രൂപ ടിക്കറ്റില്‍ ആദ്യ രണ്ടു സ്റ്റേഷനുകള്‍ വരെയോ രണ്ടു കിലോമീറ്റര്‍വരെയോ യാത്ര ചെയ്യാം.
ആകെ ആറു വിധം നിരക്കുകളിലായാണ് ടിക്കറ്റ് വില. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രക്കാണ് ഏറ്റവും കൂടിയ നിരക്കായ 60 രൂപ ടിക്കറ്റ് വരുന്നത്. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എലിന്റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചത്.
മെട്രോ സ്‌റ്റേഷന്‍ പരിസരം നവീകരിക്കാന്‍ 100 കോടി അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം സര്‍ക്കാരുമായി കൂടിയാലോചിച്ചാകും അന്തിമ നിരക്ക് പ്രഖ്യാപനം നടക്കുക.
നിലവിലെ പ്രഖ്യാപനത്തില്‍ 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍വരെ യാത്ര ചെയ്യാം. 30 രൂപയുടെ ടിക്കറ്റില്‍ 10 കിലോമീറ്റര്‍ വരെ യാത്രയും ആവാം. 15 കിലോമീറ്റര്‍ ദൂരം യാത്രക്ക് 40 രൂപയുടെ ടിക്കറ്റ് എടുക്കമം. 50 രൂപക്ക് 20 കിലോമീറ്റര്‍ വരെയും യാത്രചെയ്യാം. 60 രൂപ ടിക്കറ്റില്‍ യാത്രചെയ്യാവുന്ന ദൂരം 25 കിലോമീറ്ററുമാണ്.
യാത്രാസൗകര്യം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള മറ്റു ഗതാഗത സംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം.