X

കര്‍ണാടകം മണ്ണ് നീക്കി, പിന്നാലെ കേരളം ബാരിക്കേഡ് കെട്ടി

 

കാസര്‍കോട്: ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചതിന്റെ ഭാഗമായി കര്‍ണാടക മണ്ണ് നീക്കി തുറന്നുകൊടുത്ത അതിര്‍ത്തി റോഡുകള്‍ കേരളം ബാരിക്കേഡ് കെട്ടി അടച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് മണ്ണിട്ടു മൂടിയ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ കൊട്ട്യാടി, ഗാളിമുഖം എന്നിവിടങ്ങളില്‍ അഞ്ചര മാസത്തിന് ശേഷം രണ്ട് ദിവസം മുമ്പാണ് കര്‍ണാടക സര്‍ക്കാര്‍ ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റി ഗതാഗതത്തിന് വിട്ടുകൊടുത്തത്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണ് നീക്കിയതിനു പിന്നാലെ കേരളം ബാരിക്കേഡ് കെട്ടി റോഡ് പൂര്‍ണമായും അടച്ചിടുകയായിരുന്നു.

അതിര്‍ത്തി റോഡുകള്‍ അടച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ കാസര്‍ക്കോട്ടേക്കും മറ്റും എത്താനാവാതെ പ്രയാസത്തിലായിരുന്നു. ദേലംപടി, പള്ളങ്കോട്, പരപ്പ് പ്രദേശത്തുകാര്‍ക്ക് കൊട്ട്യാടി, ഗാളിമുഖം റോഡുകളിലൂടെയാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ലോക്ഡൗണിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടടച്ചതോടെ വലിയ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. റോഡില്‍ മണ്ണിട്ട് ഗതാഗതം പൂര്‍ണമായി തടഞ്ഞതിനെതിരെ ഏറെ പ്രതിഷേധവും ഉയര്‍ന്നു. ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ അതതു പ്രദേശത്തെ അതിര്‍ത്തികള്‍ തുറക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് മടിക്കേരി റൂട്ടില്‍ മാര്‍ക്കൂട്ടം,ഗോളിമുഖം,കൊട്ട്യാടി, പാണാജെ, അഡ്യനടുക്ക എന്നിവിടങ്ങളില്‍ റോഡില്‍ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്തത്. നാടിന്റെ എല്ലാ വഴികളും മാസങ്ങളായി മണ്ണിട്ട് അടച്ചിട്ടത് കര്‍ണാടക നീക്കിയെങ്കിലും കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം പ്രദേശത്തെ ഒറ്റപ്പെടുത്തുകയാണ്.നിലവില്‍ പാസ് വഴി തലപ്പാടിയിലൂടെ മാത്രമാണ് കാസര്‍കോട് ജില്ലാ ഭരണകൂടം യാത്രാനുമതി നല്‍കുന്നത്. എന്നാല്‍ എല്ലാ അതിര്‍ത്തി റോഡുകളിലൂടെയും പാസ് സംവിധാനം ഏര്‍പെടുത്തിയാല്‍ നിരവധി പേര്‍ക്ക് ഉപകാരപ്പെടുമെന്നാണ് നോട്ടുകാരുടെ ആവശ്യം.

 

web desk 1: