കോഴിക്കോട്: സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്ന കേസില്‍ കുറ്റാരോപിതനെ കോടതി വെറുതെ വിട്ടു. സവര്‍ണ ഫാഷിസത്തിനെതിരെ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ ചുംബനത്തെരുവ് എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനാ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലാണ് തേജസ് ലേഖകന്‍ പി.എ അനീബിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ടൗണ്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനീബിനെ കുറ്റക്കാരനല്ലെന്നു കണ്ടു വെറുതെ വിട്ടത്. 2016 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ സമര പ്രവര്‍ത്തകന്‍ എന്നു ധരിച്ച് അനീബിനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ഭീകരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ടായിരുന്നു.
മാധ്യമ പ്രവര്‍ത്തകനാണെന്നു ബോധ്യപ്പെട്ടതോടെ നിവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് നിരീക്ഷിച്ചുവരുന്ന ആളാണെന്നും വിശദീകരിച്ച് കസ്റ്റഡിയെ ന്യായീകരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്റേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും പ്രതിഷേധം മൂലം പൊലീസ് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു. അനുമതിയില്ലാതെ സംഘം ചേര്‍ന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് അനീബിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് കോഴിക്കോട് സബ്ബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നടന്ന സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇട്ടത് മൂന്നു മണിക്കൂറുകള്‍ക്കു ശേഷമാണ്. അനീബിനെതിരെ എടുത്ത രണ്ടു കേസിലും സംഭവ സമയം രേഖപ്പെടുത്തിയതില്‍ മണിക്കൂറുകളുടെ വ്യത്യാസവുമുണ്ട്. ഇക്കാര്യങ്ങളെല്ലാം അനീബിനു വേണ്ടി ഹാജരായ അഡ്വ. കെ പി രാജഗോപാല്‍, അഡ്വ.പി അബിജ എന്നിവര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.മാധ്യമ പ്രവര്‍ത്തകനെ വ്യാജ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പൊതു സമൂഹത്തിലും വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.