X

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ച മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. വിവാദ പരാമര്‍ശത്തില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താനും ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.

ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി.

തലസ്ഥാനത്ത് നടന്ന സ്വാകാര്യ ചടങ്ങിലാണ് സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് ആരോപിച്ചത്. സുനാമി പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടുപോയി, അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ പേടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരെ അനുമതിയില്ലാതെ സര്‍വീസ് സ്റ്റോറി എഴുതിയതിന് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

അഴിമതിക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും ജേക്കബ് തോമസ് ആരോപിച്ചു. അഴിമതി തുടര്‍ന്നാല്‍ ജനങ്ങള്‍ പാവപ്പെട്ടവനായി തുടരുമെന്നും അഴിമതി വിരുദ്ധരെ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയാണെന്നും ജേക്കബ് തോമസ് വിമര്‍ശിച്ചു.

chandrika: