X
    Categories: gulfNews

നൂറ്റാണ്ടുകളായി തുടരുന്ന അറബ് ബന്ധം കേരളത്തിന് അഭിമാനം: സാദിഖലി തങ്ങള്‍

റസാഖ് ഒരുമനയൂര്‍

അല്‍ഐന്‍: നൂറ്റാണ്ടുകളായി തുടരുന്ന അറബ് രാജ്യങ്ങളുമായുള്ള ബന്ധം കേരളത്തിന് അഭിമാനകരമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അല്‍ഐന്‍ കെഎംസിസി ഒരുക്കിയ സ്നേഹ-സൗഹൃദ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന ഭൂമിയെന്ന നിലയില്‍ അറബ് രാജ്യങ്ങളുമായുള്ള വിശിഷ്യാ യുഎഇയുമായുള്ള ബന്ധം പരമപ്രധാനമാണ്. പെറ്റമ്മനാടിനേക്കാള്‍ കൂടുതല്‍കാലം പോറ്റമ്മനാട്ടില്‍ ജീവിക്കുന്നവരാണ് പ്രവാസികള്‍. അവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് എന്നും കേരളീയ ജീവിതനിലവാരത്തിലും സാമ്പത്തികചുറ്റുപാടുകളിലും മാറ്റങ്ങളുണ്ടാക്കിയത്. അവസരം നല്‍കിയ അറബ് ഭരണാധികാരികളോടുള്ള കടപ്പാട് വിസ്മരിക്കാനാവാത്തതാണെന്ന് തങ്ങള്‍ പറഞ്ഞു.

സമൂഹത്തിലും സമുദായത്തിലും കുടുംബങ്ങളിലുമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്ന അകല്‍ച്ചയും ഭിന്നസ്വരവും മനസ്സുതുറന്നു ഒന്നിച്ചിരുന്നാല്‍ ഇല്ലാതാവുന്നതേയുള്ളു. പരസ്പര വിശ്വാസവും ആത്മാര്‍ത്ഥതയും കൂടിച്ചേരുന്നതോടെ സമൂഹത്തിന് നന്മയുടെ പൂങ്കാവനം തുറക്കാനാവുമെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ആരുവിളിച്ചാലാണ് അവര്‍ വരികയെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് വിളിച്ചാല്‍ ആരും വരുമെന്ന് സര്‍വ്വരെയും ബോധ്യപ്പെടുത്തിക്കൊണ്ടാണ് കേരളത്തില്‍ സൗഹൃദയാത്രയില്‍ മതേതരവിശ്വാസികളായ എല്ലാവിഭാഗം ജനങ്ങളും എത്തിച്ചേര്‍ന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. കൂടിയിരിക്കാനും കൂടിച്ചേരലുകള്‍ക്കും മുസ്ലിംലീഗ് എന്നും മുന്നിലുണ്ടാകും. സ്നേഹവും സൗഹാര്‍ദ്ദവും ലക്ഷ്യമാക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സുഹൈല്‍ ഹുദവി ഖിറാഅത്ത് നടത്തി. അല്‍ ഐന്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ബാ അലവി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ സയ്യിദ് വി.പി. പൂക്കോയ തങ്ങള്‍ ബാ അലവി ഉല്‍ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.

മുന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി പി.കെ.അന്‍വര്‍ നഹ, വര്‍ക്കിംഗ് പ്രസിഡണ്ട് യു.അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കണ്ടം, അല്‍എന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് മുബാറക് മുസ്തഫ, ജനറല്‍ സിക്രട്ടറി മണികണ്ഠന്‍, അല്‍ഐന്‍ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഇ.കെ.മൊയ്തീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

നാലുപതിറ്റാണ്ടുകാലമായി കെഎംസിസിയില്‍ നിസ്തുല സേവനമനുഷ്ടിക്കുന്ന നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഷ്റഫ് പള്ളിക്കണ്ടത്തെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. വാണിജ്യ-വ്യവസായ-വിഭ്യാഭ്യാസ മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന പ്രമുഖരെ പുരസ്‌കാരം നല്‍കി ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഹാഷിം കോയ തങ്ങള്‍ സ്വാഗതവും ട്രഷറര്‍ തസ്വീര്‍ ശിവപുരം നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കള്‍ സന്നിഹിതരായിരുന്നു.

 

webdesk11: