ദാരിദ്രം മറയ്ക്കാന്‍ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാന്‍ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയം പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 28,586 പട്ടികജാതി കുടുംബങ്ങള്‍ക്ക് നല്‍കേണ്ട 246 കോടിയുടെ ആനുകൂല്യങ്ങള്‍ മൂന്ന് കൊല്ലമായിട്ടും നല്‍കിയിട്ടില്ല. രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ കടന്നു പോകുന്നുവെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്. എന്നിട്ടും ദാരിദ്രം മറയ്ക്കാന്‍ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാന്‍ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയം നടത്തുന്നത്. കേരളത്തിന് പുറത്തുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം കേരളത്തെ കുറിച്ച് പുകഴ്ത്തിപ്പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുഞ്ഞുങ്ങളുടെ ഉച്ചയൂണിനുള്ള പണം പോലും നല്‍കാന്‍ ശേഷിയില്ലാത്ത സര്‍ക്കാരാണ് ഈ ആര്‍ഭാഢം കാട്ടുന്നത്. ഇത് ധൂര്‍ത്താണ്. ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുതാപരമായ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ യാഥാര്‍ത്ഥ ധനപ്രതിസന്ധി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാന്‍ തയാറുണ്ടോയെന്ന് പ്രതിപക്ഷം സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ഇതുവരെ കാണാത്ത തരത്തില്‍ ഭയാനകമായ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. 140 നിയോജകമണ്ഡലങ്ങളിലും ജനസദസുകള്‍ സംഘടിപ്പിച്ച് അഴിമതി സര്‍ക്കാരിനെ യു.ഡി.എഫ് വിചാരണ ചെയ്യും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെയും ജനങ്ങളെയും സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴാണ് സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടുന്നത്. പ്രതിസന്ധി ഇല്ലെങ്കില്‍ കാശ്മീരില്‍ നിന്നുള്ള മധുരപലഹാരം രാജ്ഭവനില്‍ നിന്നും ക്ലിഫ് ഹൗസിലേക്ക് പോകുകയും മന്ത്രിമാര്‍ ഘോഷയാത്രയായി രാജ്ഭവനില്‍ എത്തി സമ്മാനങ്ങള്‍ നല്‍കുകയും രാജ്ഭവനില്‍ നിന്നുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് കൊടുക്കുകയും ചെയ്യും. ഈ നാടകങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് എത്രകാലമായി? ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒരു അന്തര്‍ധാരയുണ്ട്. അതിന്റെ ഇടനിലക്കാന്‍ ബി.ജെ.പി നേതാക്കളാണ്. ബില്ലുകള്‍ പിടിച്ച് വയ്ക്കുന്നതില്‍ ഗവര്‍ണര്‍ക്കെതിരെ കേസ് നല്‍കുമെന്ന് പതിനാല് മാസമായി പറയുകയാണ്. എന്നിട്ട് ഇതുവരെ കേസ് കൊടുത്തില്ലല്ലോ? ഇപ്പോള്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നാടകം കളിക്കുകയാണ് അദ്ദേഹം പറഞ്ഞു.