X

കേരളം തകര്‍ച്ചയില്‍; മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ യോഗ്യനല്ല: യൂത്ത് ലീഗ്

ദുരന്തകാലങ്ങളെപോലും വെല്ലുന്നവിധം സമസ്ത മേഖലയിലും പ്രതിസന്ധിയും അനിശ്ചിതത്വവും കൊണ്ട് കേരളം തകര്‍ന്നിരിക്കുകയാണെന്നും തന്റെ കഴിവ് കേട് കേരള ജനത്തിന് മുന്‍പില്‍ ബോധ്യമായ സാഹചര്യത്തില്‍ പിണറായി വിജയന് ഭരണതലവനായി തുടരാന്‍ അര്‍ഹതയില്ലന്നും മുസ്ലിം യൂത്ത് ലീഗ് എക്‌സി ക്യാമ്പ് അഭിപ്രായപ്പെടുന്നു.

ദൂര്‍ത്തും ദുര്‍വിനിയോഗവും കൊണ്ടും സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്ത് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണസംവിധാനം മുഴുവന്‍ നിശ്ചലാവസ്ഥയിലാണ്. വികസന ,ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിച്ചിരിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ നാലിലൊന്ന് കഴിഞ്ഞിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയോ പദ്ധതി നിര്‍വ്വഹണങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്തിട്ടില്ല.

പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടെ നിത്യോപയോഗ വസതുക്കള്‍ക്കെല്ലാം തീവില ഉയര്‍ന്നതോടെ സാധാരണ ജനങ്ങളുടെ ജീവിതം പോലും ദുരിതത്തിലായി. മലബാറില്‍ പഠിക്കാന്‍ അവസര മില്ലാതെ ഉപരിപഠത്തിനായി കുട്ടികള്‍ അലയുമ്പോഴും പരിഹാരം കാണാന്‍ ഇനിയും കഴിഞ്ഞില്ല. ക്ഷേമ പെന്‍ഷന്‍ വിതരണം കുടിശ്ശികയായി വര്‍ധിച്ചുവരുമ്പോള്‍ മസ്റ്ററിംഗിന്റെ പേരില്‍ വാര്‍ദ്ധക്യരായ വയോജനങ്ങളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു.

മദ്യ മയക്ക് മരുന്ന് മാഫിയകളും ക്രിമിനലുകളും നാട് വാഴുമ്പോള്‍ ഗുണ്ടാ -പോലീസ് കൂട്ട് കെട്ട് സംസ്ഥാനത്തിന്റെ അഭ്യന്തരം നിയന്ത്രിക്കുന്നത്. പകര്‍ച്ച വ്യാധിയുടെ പിടിയില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് ചികിത്സയും മരുന്നും ലഭിക്കാതെ സര്‍ക്കാര്‍ ആശുപത്രികള്‍ പനിക്കിടയില്‍ തുടരുമ്പോള്‍ ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുന്നു.ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടില്‍ എല്ലാം കൊണ്ടും ജനം ദുരിതം അനുഭവിക്കുന്ന കാലം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. ഇതന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നും മുസ്ലിം യൂത്ത് ലീഗ്.

ആദരിക്കപ്പെടേണ്ടവരല്ല അക്രമകാരികള്‍
ആര്‍.എസ്.എസ്സിന്റെ ശൈലിയില്‍ നിന്ന് സി.പി.എം പിന്‍വാങ്ങുക

വധശ്രമം സ്ത്രീ പീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തിയ വ്യക്തിയെ മാലയണിഞ്ഞ് സ്വീകരിച്ച ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ നടപടി അത്യന്തം അപലനീയമാണ്. ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ആര്‍. എസ്. എസ് സ്വീകരിച്ചാനയിച്ചത് ഏറെ ഞെട്ടലൂടെയാണ് ഈ നാട് കണ്ടത്.

സാമൂഹ്യ മന്‍സാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ പാര്‍ട്ടി മാറി എന്ന് കരുതി വിശുദ്ധരാവുന്നില്ല. കൊടും ക്രിമിനലുകള്‍ ആരാധിക്കപ്പെടുന്ന പ്രവണത സമൂഹത്തില്‍ വളരാന്‍ കാരണം കൊലപാതകങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും, കൊലയാളികള്‍ക്ക് നല്‍കുന്ന വീരപരിവേശവുമാണ്.

കേരളത്തില്‍ ഈ പ്രവണതയാണ് ടി.പി ചന്ദ്രശേഖന്‍ കേസിലുള്‍പ്പെടെള്ള പ്രതികളുടെ ജയില്‍ മോചനത്തിനും മറ്റും സി.പി.എം ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത് സമൂഹത്തില്‍ അരാചകത്വം വളര്‍ത്താനും ക്രമസമാധാനനിലതകര്‍ക്കാനുംകാരണമാകും ആയതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ സി.പി.എം അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു

webdesk13: