പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
ധാര്‍മികവും സദാചാരപരവുമായ എല്ലാ സീമകളും ലംഘിച്ച് നാട് വലിയ പ്രതിസന്ധിയിലേക്കാണ് പാഞ്ഞടുക്കുന്നത്. ആണ്‍ പെണ്‍, പ്രായവ്യത്യാസമില്ലാതെ ലഹരി ഉപയോഗം പടര്‍ന്നു പന്തലിക്കുകയാണ്. ഊഹിക്കുന്നതിലും അപ്പുറമാണ് ലഹരി മാഫിയയുടെ സ്വാധീനം. പ്രത്യേകിച്ച് യുവ സമൂഹത്തില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ലഹരിയുടെ പ്രലോഭനത്തെ തടയാന്‍ എല്ലാ വിഭാഗം ജനങ്ങളും സംവിധാനങ്ങളും സൗകര്യങ്ങളും എണ്ണയിട്ട യന്ത്രം പോലെ ഒരേ മനസ്സായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇതിന് തടയിടാന്‍ കഴിയുകയുള്ളൂ.
ഇന്ത്യയിലെത്തന്നെ വൃത്തികെട്ട മദ്യാസക്തി നിലവിലുള്ള സംസ്ഥാനമായ കേരളം അതീവ മാരകശേഷിയുള്ള രാസലഹരി വസ്തുക്കളുടെ ഉപയോഗത്തിലും മുന്നേറുന്നത് നാടിന്റെ ആകെ സ്വാസ്ഥ്യം കെടുത്തുകയാണ്. അടിമത്വവും വിധേയത്വവുമുണ്ടാക്കുന്നതില്‍ എം.ഡി.എം.എ പോലെയുള്ള പുതിയ ലഹരി പദാര്‍ഥങ്ങള്‍ മദ്യത്തേക്കാള്‍ എത്രയോ മാരകമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം തകരുന്നതോടെ വ്യക്തി നശിക്കുകയും അത് കുടുംബത്തിന്റെ ഭദ്രതയും തുടര്‍ന്ന് രാജ്യത്തിന്റെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധികള്‍ യുദ്ധം പ്രകൃതിദുരന്തം എന്നിവയേക്കാള്‍ ജനങ്ങള്‍ തെരുവില്‍ കിടന്നു മരിക്കുന്ന വാഹനാപകടങ്ങള്‍ ഉള്‍പ്പെടെ കൊള്ള കൊലപാതകം കുടുംബ കലഹം തുടങ്ങി സകല തിന്മകളുടെയും ജീര്‍ണതകളുടെയും ഉറവിടമാണ് മദ്യവും ലഹരിവസ്തുക്കളും. മനോഹരമായ വര്‍ണക്കടലാസില്‍ പൊതിഞ് കുഞ്ഞുമക്കളുടെ കൈകളില്‍ മധുര മിഠായിയായിത്തുടങ്ങി വിപുലമായ വിപണീജാലികയാണ് മാഫിയകള്‍ പണിതുണ്ടാക്കിയിട്ടുള്ളത്. ഇത് തകര്‍ക്കുക എന്നതാണ് ഭാവിതലമുറയെ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം. വിദ്യാലയങ്ങള്‍ ഇതര സ്ഥാപനങ്ങള്‍ വിജനമായ ഇടങ്ങള്‍ അപരിചിത സൗഹൃദങ്ങള്‍ പഠനോപകരണങ്ങള്‍ അസ്വാഭാവികമായ പെരുമാറ്റം കൂടിയ പണം തുടങ്ങി എല്ലായിടത്തും സര്‍വത്ര നിരീക്ഷണവും ജാഗ്രതയും അനിവാര്യമാണ്.
നവോത്ഥാന നായകരും ചിന്തകരും അടിത്തറയിട്ട കേരളത്തിന്റെ സാമൂഹിക ജീവിതം ലോകത്തിനുതന്നെ മാതൃകയാണ്. ഉന്നതമായ ആ പാരമ്പര്യത്തിന്റെ എല്ലാ നന്മകളുടെയും അടിത്തറ ഇളക്കുന്ന സ്ഥിതിലേക്ക് ഈ സാമൂഹിക തിന്മ എത്തിനില്‍ക്കുകയാണിന്ന്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്ന സംസ്ഥാനമായ പഞ്ചാബിനെ മറികടക്കുകയാണ് കേരളം. കേരളത്തില്‍ തന്നെ ലഹരി ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എറണാകുളമാണെങ്കില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്. മെട്രോപൊളിറ്റന്‍ സിറ്റിയായ കൊച്ചി ഉള്‍ക്കൊള്ളുന്ന എറണാകുളത്തിന് സിനിമ ടൂറിസം വ്യവസായിക വാണിജ്യം വിദേശികളുടെ വര്‍ധിച്ച സാന്നിധ്യം തുടങ്ങി പല പശ്ചാത്തലങ്ങളും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ ഉന്നതമായ മതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മലപ്പുറം ഈ അവസ്ഥയിലേക്ക് മാറുന്നത് ഇരുത്തി ചിന്തിപ്പിച്ചേ മതിയാകൂ.
ലഹരി ഉപയോഗത്തിന് ഹബ്ബായി കേരളം മാറുമ്പോഴും സര്‍ക്കാറിന് പക്ഷേ ഇതിനെ ഇല്ലായ്മ ചെയ്യുന്നതില്‍ ആത്മാര്‍ത്ഥത ഇല്ല എന്ന് പറയേണ്ടിവരും. ഒരുവശത്ത് ലഹരി മാഫിയക്കെതിരെ ബോധവത്കരണവും പരിശോധനകളും കര്‍ശനമാക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോഴും മറുവശത്ത് യഥേഷ്ടം ബാറുകളും ബിവറേജ് ഔട്‌ലെറ്റുകളും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജൈവഘടികാരത്തിന്റെ താളാത്മകതയാണ് ലഹരി ഉപയോഗം തകര്‍ക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സമ്പത്തും പ്രത്യേകതയും മാനവിക വിഭവശേഷിയത്രെ. അതിനെ വളരെ ചെറുപ്രായത്തില്‍തന്നെ തകര്‍ക്കുകയാണ് ലഹരിമാഫിയ. അക്രമാസക്തരായ ക്രിമിനല്‍ സംഘം സ്വന്തം മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ വളര്‍ന്നുവരികയാണ്. റോഡപകടങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും അനുദിനം വര്‍ധിക്കുന്നു. ഇത് ഇങ്ങനെ തുടരുകയാണെങ്കില്‍ പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവരും.
പിന്നാക്കത്തിന്റെയും അവഗണനയുടെയും ഇന്നലെകളില്‍നിന്ന് മലപ്പുറം ജില്ല പതുക്കെ കരകയറി വിദ്യാഭ്യാസ സാമൂഹിക ഉദ്യോഗ മണ്ഡലങ്ങളില്‍ വലിയ ഉയര്‍ച്ചകള്‍ കീഴടക്കി അസൂയാര്‍ഹമായി മുന്നേറുന്ന സമയത്താണ് നാടിന് നാണക്കേടാവുന്ന തരത്തില്‍ യുവത അധാര്‍മികതയിലേക്കും മൂല്യശോഷണത്തിലേക്കും വഴുതിവീഴുന്നത്. നാം നേടിയെടുത്തിട്ടുള്ള മൂല്യബോധവും സദാചാരവും നഷ്ടപ്പെട്ടു കൂടാ. മത ശാസനകളില്‍നിന്ന് യുവതയെ വ്യതിചലിപ്പിക്കുന്ന ഗൂഢശക്തികള്‍ പലവിധ പ്രലോഭനങ്ങളുമായി ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട് എന്ന തിരിച്ചറിവ് മാത്രം പോര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടി ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്.
സമൂഹം ഉണര്‍ന്നേ മതിയാകൂ, അതുകൊണ്ടുതന്നെ നാടിനോടും സമൂഹത്തി തിനോടും പ്രതിബദ്ധതയുള്ള മുസ്‌ലിംലീഗിന് ഈ ഘട്ടത്തില്‍ മാറിനില്‍ക്കാന്‍ കഴിയില്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും കൂട്ടിയോജിപ്പിച്ച് മുസ്‌ലിംലീഗ് ലഹരി മാഫിയക്കെതിരെയും അധാര്‍മികതക്കെതിരെയും ലക്ഷ്യം കാണുന്നതുവരെയുള്ള ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയാണ്. നാടും സമൂഹവും തകര്‍ച്ചയിലേക്ക് ആപതിക്കുമാറ് വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനും വ്യാപനത്തിനും എതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു ജില്ല മുസ്‌ലിംലീഗ് കമ്മിറ്റി കര്‍മരംഗത്ത് ഇറങ്ങുകയാണ്. അതിന്റെ പ്രാരംഭമായി ഇന്ന് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും സായാഹ്ന സദസ്സുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
(മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടാണ് ലേഖകന്‍)