തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ട് രൂപ വര്‍ധിക്കുന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില കൊണ്ട് ഇന്ധനം വാങ്ങുന്നത് മലയാളികള്‍. നികുതി ചുമത്തലിന്റെ ‘കേരള മോഡല്‍’ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ പെട്രോള്‍ വിലയില്‍ ചരിത്രം കുറിക്കും. ഇതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകും.
ചരക്ക് ഗതാഗതത്തിന് ചെലവേറുന്നതോടെ ഇതര സംസ്ഥാങ്ങളില്‍ നിന്നെത്തിക്കുന്ന അരി, പച്ചക്കറി, പഴം, പലവ്യഞ്ജന സാധനങ്ങള്‍ക്കെല്ലാം വില കുത്തനെ ഉയരും. ഇതിനു പുറമേ നാളെ മുതല്‍ പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും സാധ്യതയേറും. ആഗോളി വിപണിയെ പോലും ബാധിക്കുന്നതാണ് ഇന്ധനവില വര്‍ധന. കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ജീവിതത്തെ കാര്യമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
എല്ലാം കൂടി ഭാരം മുഴുവന്‍ ജനത്തിന്റെ തലയില്‍ കെട്ടിവെക്കുകയാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍, മടങ്ങിയെത്തിയ പ്രവാസികള്‍ എന്നിങ്ങനെ കഷ്ടപ്പെടുന്നവര്‍ക്ക് ഇരുട്ടടിയാണ് ഇന്ധന സെസ്. പെട്രോളിനും ഡീസലിനും ഇപ്പോള്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയാണുള്ളത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തത് കേരളത്തെയാണ് ഏറ്റവുമധികം ബാധിക്കുന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള അതേ മുഖ്യമന്ത്രിയാണ് ഈ അശാസ്ത്രീയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാചകവാതക വില വര്‍ദ്ധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്നതിനോടൊപ്പം ഇന്ധനവില ഉയരുമ്പോള്‍ എല്ലാ മേഖലകളിലും വിലക്കയറ്റം വരും.