കേരളത്തില്‍ പേ വിഷ ബാധയേറ്റ് ചികിത്സ തേടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന വിധമാണ് പേവിഷ ബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ജനം ആശങ്കാകുലരാണ്. തെരുവു നായകളെ കൊല്ലാന്‍ അനുവാദമില്ല. പകരം വന്ധ്യംകരണം പോലെ ചെലവേറിയതും നടപ്പാക്കാന്‍ ഏറെ പ്രയാസമുള്ളതുമായ നിയന്ത്രണ നടപടികളെക്കുറിച്ചാണ് അധികൃതര്‍ക്ക് പറയാനുള്ളത്. പേ വിഷ ബാധയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ജനപ്രതിനിധികളുടെ ചോദ്യത്തിന് മറുപടി പറയാതെ ഉരുണ്ടുകളിച്ചതിന് ആരോഗ്യ മന്ത്രിക്ക് മുഖ്യമന്ത്രിയില്‍നിന്നും സ്പീക്കറില്‍നിന്നും കടി കിട്ടിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. തെരുവു നായകളെ പേടിച്ച് ധൈര്യ പൂര്‍വ്വം പുറത്തിറങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ജനത്തിന് ആശ്വാസകരമായ ഒരു നീക്കവും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ പേപ്പട്ടിയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം കടിയേറ്റ ശേഷം കുത്തിവെപ്പ് എടുത്തിട്ടും നിരവധി പേര്‍ പേ വിഷബാധയേറ്റ് മരിച്ചതാണ് ഏറെ ഭീകരം. ഈ വര്‍ഷം 19 പേര്‍ പേ വിഷ ബാധയേറ്റ് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതില്‍ ആറുപേര്‍ വാക്‌സിനെടുത്തവരാണ്. റാബീസ് വാക്‌സിനുകള്‍ പണ്ടേ പോലെ ഫലിക്കുന്നില്ലെന്നു തന്നെയാണ് ഈ മരണങ്ങള്‍ വ്യക്തമാക്കുന്നത്. എവിടെയാണ് പ്രശ്‌നമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആരോഗ്യ വകുപ്പ് നല്‍കുന്നില്ല. വാക്‌സിന് ഫലപ്രദമാകാതിരിക്കാന്‍ പലതരം കാരണങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കുത്തിവെപ്പിന്റെ സാങ്കേതിക രീതികള്‍ കൃത്യമായി പാലിക്കാത്തതാണ് പ്രശ്‌നമെന്ന് ചിലര്‍ പറയുന്നു. ക്രമപ്രകാരം വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഫലം കിട്ടാതെ പോകുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പ്രത്യേക ഊഷ്മാവില്‍ ശീതീകരിച്ച് സൂക്ഷിക്കാത്തതുകൊണ്ടാണ് വാക്‌സിന്‍ നിര്‍വീര്യമാകുന്നതെന്ന ആരോപണവും ഏറെ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. അതിന് ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കേണ്ട ചുമതലയും സര്‍ക്കാരിന് തന്നെയാണ്. റാബീസ് വാക്‌സിന്‍ വിതരണം ചെയ്യുന്ന നിരവധി മരുന്നു കമ്പനികള്‍ രംഗത്തുണ്ട്. അവരുടെ മരുന്ന് ഫലപ്രദമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ സംവിധാനം വേണം. ആദ്യ കാലത്തേതില്‍നിന്ന് വ്യത്യസ്തമായി വേദനയും പാര്‍ശ്വഫലങ്ങളും കുറഞ്ഞ വാക്‌സിനുകളാണ് ഇപ്പോഴുള്ളത്. റാബിസ് വൈറസ് ശരീരത്തില്‍ എത്തിയ ശേഷം രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് നായയുടെ കടിയേറ്റാല്‍ പരമാവധി നേരത്തെ ആശുപത്രിയില്‍ എത്തിക്കാനും പ്രതിരോധ കുത്തിവെപ്പ് എടുക്കാനും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന പ്രാഥമിക ചികിത്സകള്‍ അപകടാവസ്ഥ ഒഴിവാക്കാന്‍ ഏറെ സഹായകമാകും.
തെരുവില്‍ നായ്ക്കളെ അലയാന്‍ വിട്ട ശേഷം കടിയേല്‍ക്കുന്ന മനുഷ്യര്‍ക്ക് ചികിത്സ നല്‍കുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. പൊതുജനത്തിന് നിര്‍ഭയമായി പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന അനുകൂല സാഹചര്യമുണ്ടാക്കുക തന്നെയാണ് പ്രധാനം. തെരുവു പട്ടികളില്‍ ഭൂരിഭാഗവും പേവിഷ ബാധിതരാണെന്നാണ് പഠനറിപ്പോര്‍ട്ട്. ഇന്ത്യയില്‍ പേവിഷ ബാധയേല്‍ക്കുന്നവരില്‍ 97 ശതമാനം പേര്‍ക്കും രോഗമുണ്ടാകുന്നത് നായ്ക്കളുടെ കടിയേറ്റാണ്. രാപ്പകലില്ലാതെ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുക തന്നെയാണ് ഏറെ ഫലപ്രദമായ മാര്‍ഗം. തെരുവു നായ്ക്കളെ കൊല്ലാന്‍ നിയമപരമായ തടസങ്ങളുണ്ടെന്ന് പറയുമ്പോഴും അക്കാര്യത്തില്‍ അവ്യക്തതകള്‍ ധാരാളമുണ്ട്.
മനുഷ്യന്റെ ജീവന് അപകടം ചെയ്യുന്ന ഘട്ടത്തില്‍ നായകളെ കൊന്ന് നശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് വാദിക്കുന്നര്‍ ഏറെയാണ്. ആക്രമണ സാധ്യതയുണ്ടെന്ന് തോന്നുന്ന പട്ടികളെ കൊല്ലാന്‍ നിയമ തടസങ്ങള്‍ പറഞ്ഞ് മാറിനില്‍ക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് അനിമല്‍ ബര്‍ത്ത് കണ്‍ട്രോളിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ നായകളുടെ വന്ധ്യംകരണവും വാക്‌സിനേഷനും അടിയന്തരമായി ആരംഭിക്കണം. നായകളെ പിടികൂടുന്നതില്‍ പരിശീലനം ലഭിച്ച പ്രാവീണ്യമുള്ള ആളുകളുടെ സേവനം ഉറപ്പാക്കി വന്ധ്യംകരണ ശസ്ത്രക്രിയകള്‍ സജീവമാക്കാമെങ്കിലും ആ വഴിയും അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടില്ല. റോഡില്‍ നായ്ക്കള്‍ തലങ്ങും വിലങ്ങും ഓടുന്നതുകൊണ്ട് വാഹനാപകടങ്ങളും പെരുകുകയാണ്. ഏതായാലും നായകളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ രക്ഷിച്ചേ മതിയാകൂ. തെരുവില്‍ നായ്ക്കളെ പോറ്റി വളര്‍ത്തുമെന്ന വാശി ഉപേക്ഷിക്കാന്‍ സമയമായിട്ടുണ്ട്. മനുഷ്യ ജീവന്‍ ഏറെ വിലപ്പെട്ടതാണെന്ന വസ്തുത ആരും മറക്കരുത്.