X

സംരംഭകരുടെ ശവപ്പറമ്പാകുന്ന കേരളം-എഡിറ്റോറിയല്‍

ജീവിതം അവസാനിപ്പിക്കാന്‍ സമ്മതം നല്‍കണമെന്നാവശ്യപ്പെട്ട് യുവ വ്യവസായി മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്ന വാര്‍ത്ത വ്യവസായ സംരംഭകര്‍ നമ്മുടെ നാട്ടില്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കൃത്യമായി വരച്ചുകാട്ടുന്നതാണ്. കേരളം വ്യവസായ സൗഹൃദമാകുന്നുവെന്ന സര്‍ക്കാറിന്റെ വാഗ്ദാനം വിശ്വസിച്ച് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ബിസിനസ് ആരംഭിച്ച പത്തനംതിട്ട ജില്ലക്കാരനായ അനസ് എ അസീസാണ് പ്രതീക്ഷകളെല്ലാം അസ്തമിച്ചതിന്റെ പേരില്‍ ഈ കടും കൈക്ക് അനുമതി തേടിയിരിക്കുന്നത്. തനിക്കും പിതാവും മാതാവും ഉള്‍പ്പെടുന്ന ഏഴംഗ കുടുംബത്തിനും ജീവിതം അവസാനിപ്പിക്കാനുള്ള സമ്മതം വസ്തു ലേലം ചെയ്യുന്നതിന് മുമ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. മൂന്നാര്‍ ദേവികുളം കല്ലാറില്‍ റിസോര്‍ട്ട് പണിത് 70 ശതമാനം പൂര്‍ത്തിയായപ്പോള്‍ നോണ്‍ ഒബ്ജക്ട് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞ് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയതോടെയാണ് അനസിന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞതും ജീവിതം തകര്‍ന്നതും.

സംരക്ഷണത്തിനാളില്ലാത്തതിന്റെയും ജീവിതം മടുത്തതിന്റെയുമെല്ലാം പേരില്‍ ആളുകള്‍ ഭരണകൂടങ്ങളോട് ദയാവധത്തിന് അനുമതി തേടി അഭ്യര്‍ത്ഥന നടത്തുന്ന വാര്‍ത്തകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഒരു സംരംഭം ആരംഭിച്ചതിന്റെ പേരില്‍ ആത്മഹത്യക്ക് അനുമതി തേടേണ്ടിവരുന്ന ഭൂലോകത്തിലെ ഒരേയൊരു പ്രദേശം നമ്മുടെ കേരളമായിരിക്കും. അനസ് ആത്മാഹുതിക്ക് അവസരം ചോദിച്ചതാണെങ്കില്‍ ആരുടേയും സമ്മതത്തിന് കാത്തു നില്‍ക്കാതെ ജീവിതം അവസാനിപ്പിച്ച ആന്തൂരിലെ സാജനെപോലെയുള്ള നിരവധിപേരെ മലയാളിയുടെ ഓര്‍മയിലുണ്ട്. ഒരു സ്ഥാപനം തുടങ്ങാന്‍ തടസമുണ്ടായതിന്റെ പേരിലോ അല്ലെങ്കില്‍ തുടങ്ങിയ സ്ഥാപനം പൂട്ടിയതിന്റെ പേരിലോ എന്തിന് ഇത്രവൈകാരികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് ഭരണകൂടങ്ങള്‍ക്കും അധികാരിവര്‍ഗത്തിനുമൊക്കെ ചോദിക്കാന്‍ ഏറെ എളുപ്പമാണ്. പക്ഷേ ആ ഒരു മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് മാത്രമേ അത്തരം സാഹചര്യത്തിന്റെ ഗൗരവം മനസിലാകുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. വിദേശ രാജ്യങ്ങളിലും മറ്റുമായി ജീവിതം ഹോമിച്ചുണ്ടാക്കിയ സമ്പാദ്യവുമായി ശിഷ്ട കാലം സ്വന്തം നാട്ടില്‍ സ്വസ്തതയോടെ കുടുംബത്തോടൊപ്പം കഴിയാമെന്ന ഒറ്റ താല്‍പര്യത്തിലാണ് പലരും വെല്ലുവിളികളേറെയാണെന്നറിഞ്ഞിട്ടും ചെറുകിട ഇടത്തരം സംരഭങ്ങളെന്ന സ്വപ്നവുമായി രംഗത്തിറങ്ങുന്നത്. എന്നാല്‍ അവര്‍ നിരന്തരം അപമാനിക്കപ്പെടുകയാണ്. പ്രോത്സാഹിപ്പിക്കേണ്ടവരുടെ തന്നെ ഭാഗത്തുനിന്ന് നിരുത്സാഹപ്പെടുത്തലുകളും ഭീഷണികളും പ്രകേപനങ്ങളുമാണ് അവര്‍ക്ക് ലഭിക്കുന്നത്.

തീര്‍ത്തും നിരാശാജനകമായ ഈ സാഹചര്യങ്ങളുടെ ഉത്തരവാദികള്‍ നമ്മുടെ നാട്ടിലെ ഭരണകൂടം തന്നെയാണ്. നിക്ഷേപങ്ങള്‍ സ്വീകരിക്കാനും സംരഭകരെ ക്ഷണിക്കാനുമായി ഉലകംചുറ്റിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും നമ്മുടെ മുഖ്യമന്ത്രി. എന്നാല്‍ ഇതുപോലെ തന്നെ മുന്‍ സഞ്ചാരങ്ങളില്‍ അദ്ദേഹം നല്‍കിയ മോഹന വാഗ്ദാനങ്ങളില്‍ വീണുപോയവരാണ് ഇപ്പോള്‍ നാട്ടില്‍ ദുരിത പര്‍വങ്ങള്‍ പേറേണ്ടി വരുന്നതെന്ന് അദ്ദേഹം അറിയുന്നുപോലുമില്ല. സര്‍ക്കാറിന്റെ വാക്ക് വിശ്വസിച്ചവരെ ചതിക്കുഴിയിലകപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാവട്ടേ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. എവിടെയെങ്കിലും എന്തെങ്കിലുമൊരു സ്ഥാപനം ഉയരുമ്പോഴേക്കും ഇല്ലാത്തകാരണങ്ങളുണ്ടാക്കി ചെങ്കൊടിയുമേന്തി സമരക്കാരെത്തുന്നത് നമ്മുടെ നാട്ടിലെ പതിവു കാഴ്ച്ചയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ തയാറായിട്ടില്ലെങ്കില്‍ സ്ഥാപനം മാത്രമല്ല, ജീവിതം തന്നെ ബാക്കിയുണ്ടാവില്ലെന്നതാണവസ്ഥ. സാമാന്യ വല്‍ക്കരിക്കാന്‍ കഴിയില്ലെങ്കിലും ഉദ്യോഗസ്ഥ വൃന്ദത്തിലും ഇതേ സമീപനമുള്ളവര്‍ നിരവധിയാണ്. കിട്ടേണ്ടത് കിട്ടിയിട്ടില്ലെങ്കില്‍ ഫയലുകള്‍ ചിതലരിക്കുന്ന രീതിക്ക് ഇനിയും കാര്യമായ മാറ്റം വന്നിട്ടില്ല. എന്നാല്‍ കൈക്കൂലി നല്‍കാന്‍ മടിയില്ലെങ്കില്‍ ഏത് സംരഭവും നിയമ വിധേയമാകുന്നത് ഇതിന്റെ മറുവശവുമാണ്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രണ്ടിലൊരു കാര്യം തീരുമാനിക്കേണ്ടതുണ്ട്. ഒന്നുകില്‍ ഇത്തരം സംരഭത്തിനിറങ്ങുന്നവര്‍ക്ക് നാട്ടിലെ സാഹചര്യം ബോധ്യപ്പെടുത്തിക്കൊടുക്കുക. അല്ലെങ്കില്‍ പണമിറക്കുന്നവര്‍ക്ക് നിര്‍ഭയമായി മുന്നോട്ടുപേവാനുള്ള സാഹചര്യം നാട്ടില്‍ സംജാതമാക്കിക്കൊടുക്കുക. അതല്ല, പ്രവാസികളുള്‍പ്പെടെയുള്ള വ്യവസായികളോടും സംരഭകരോടും വിളിച്ചുണര്‍ത്തി ചോറില്ല എന്നുപറയുന്ന ഈ വഞ്ചനാപരമായ നിലപാടുതന്നെയാണ് തുടരുന്നതെങ്കില്‍ ജീവിതം അവസാനിപ്പിക്കാനുള്ള ഇത്തരം അനുമതി തേടലുകള്‍ പിണറായി വിജയനും കൂട്ടര്‍ക്കും നിരന്തരം ലഭിച്ചുകൊണ്ടിരിക്കും.

Test User: