X

ഖജനാവ് കാലി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയേക്കും

പിണറായി സര്‍ക്കാര്‍ കടക്കെണിയിലാക്കിയ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. നികുതി വര്‍ധനക്കും വിലക്കയറ്റത്തിനും പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങുന്ന വിധത്തിലേക്ക് സംസ്ഥാന ഖജനാവ് കാലിയായി. കേന്ദ്രത്തോട് കടമായി ചോദിച്ച 4000 കോടി രൂപ ലഭിക്കാതായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 10 ശതമാനം മാറ്റിവെക്കണമെന്ന നിര്‍ദേശം ധനവകുപ്പിനു മുന്നിലുണ്ട്.

കഴിഞ്ഞ മാസം ട്രഷറി നിയന്ത്രണം ഏര്‍പെടുത്തിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. 25 ലക്ഷത്തില്‍ അധികം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഒന്നിലധികം തവണ കടമെടുക്കാനുള്ള അപേക്ഷ നല്‍കിയെങ്കിലും കേന്ദ്രം കനിഞ്ഞില്ല. പലപ്പോഴായി 4000 കോടി രൂപ റിസര്‍വ് ബാങ്ക് ഷെഡ്യൂള്‍ ചെയ്‌തെങ്കിലും കേന്ദ്രാനുമതിയില്ലാത്തത് തിരിച്ചടിയായി. മുന്‍ വര്‍ഷങ്ങളിലെ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം.

കോവിഡ് കാലത്ത് അനുവദിച്ച വായ്പയുടെ വിനിയോഗത്തെക്കുറിച്ചും മുന്‍ വര്‍ഷങ്ങളിലെ കടം സംബന്ധിച്ച കണക്കിലെ പൊരുത്തക്കേടുകളെക്കുറിച്ചും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിനു മറുപടി നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 32,425 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷം കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ച പരിധി. ഇത് ഏപ്രില്‍ ആദ്യം അനുവദിക്കുകയാണ് പതിവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിസര്‍വ് ബാങ്ക് വായ്പാ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 19ന് 1000 കോടി രൂപ, മെയ് രണ്ടിന് 2000 കോടി രൂപ, മെയ് 10ന് ആയിരം കോടി രൂപ എന്നിങ്ങനെ കടമെടുക്കാനായിരുന്നു കേരളത്തിന്റെ നീക്കം.

എന്നാല്‍ കടം കിട്ടാതായതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. കെ റെയില്‍ പോലുള്ള വന്‍കിട പദ്ധതികളുടെ പേരില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ് കേരളം കടക്കെണിയിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും പട്ടിണിയിലേക്കും നീങ്ങുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്തെത്തി. പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി പറഞ്ഞു. ശമ്പളം കൊടുക്കുന്നതില്‍ തടസം ഉണ്ടാവില്ലെന്നും അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചില ഗൂഢശക്തികളാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്നാണ് മന്ത്രിയുടെ ആരോപണം. ഏപ്രില്‍ ഒന്നുമുതല്‍ കുടിവെള്ളത്തിനും മരുന്നുകള്‍ക്കും വില വര്‍ധിപ്പിച്ചിരുന്നു. വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷന്‍ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. ഇതിനുപുറമേ കഴിഞ്ഞ ആഴ്ചമുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകളിലും വലിയതോതിലുള്ള വര്‍ധനയാണ് നിലവില്‍ വന്നത്. ജനം നട്ടംതിരുന്നതിനിടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പോലും ശമ്പളമില്ലാത്ത നിലയിലേക്ക് നീങ്ങുന്നത്.

Chandrika Web: