X

ഓട്ടത്തില്‍ കിതക്കുന്ന കേരളം-എഡിറ്റോറിയല്‍

ഗുജറാത്തില്‍ നടന്ന 36 ാമത് ദേശീയ ഗെയിംസിന് ഇന്നലെ കൊടിയിറങ്ങിയിരിക്കുകയാണ്. 28 ഇന്ത്യന്‍ സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ത്യന്‍ സൈന്യത്തെ പ്രതിനിധീകരിച്ച് സര്‍വീസസും മാറ്റുരച്ച രാജ്യത്തിന്റെ കായിക മാമാങ്കത്തില്‍ ഏഴായിരം അത്‌ലറ്റുകളാണ് പങ്കാളികളായത്. 56 സ്വര്‍ണവും 34 വെള്ളിയും 31 വെങ്കലവുമടക്കം 121 മെഡലുകളുമായി സര്‍വീസസ് ജേതാക്കളായപ്പോള്‍ മഹാരാഷ്ട്രക്കും ഹരിയാനക്കും കര്‍ണാടക്കും തമിഴ്‌നാടിനും പിന്നാലെ ആറാം സ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. തൊട്ടു മുമ്പ് നടന്ന 35 ാമത് ഗെയിംസില്‍ സര്‍വീസസിന് പിന്നില്‍ 162 മെഡലുകളുമായി രണ്ടാം സ്ഥാനത്തെത്തിയ സംസ്ഥാനത്തിന്റെ ഇത്തവണത്തെ പ്രകടനം ഒട്ടും ആശാവഹമല്ലെന്നു മാത്രമല്ല ഇന്ത്യന്‍ കായിക സിംഹാസനത്തില്‍ നിന്നുള്ള നമ്മുടെ പടിയിറക്കമാണോ ഇതെന്ന സംശയം ജനിപ്പിക്കുന്നതുമാണ്. ജൂഡോയില്‍ ചരിത്രത്തിലാധ്യമായി നേടിയ സ്വര്‍ണങ്ങളും കനോയിങ്, കയാക്കിങ് വിഭാഗങ്ങളില്‍ കാഴ്ചവെച്ച മികച്ച പ്രകടനവും വോളിബോളിലെ ഇരട്ട സ്വര്‍ണവുമടക്കമുള്ള പ്രകടനങ്ങള്‍ ആശ്വാസം നല്‍കുമ്പോഴും സംസ്ഥാനത്തിന്റെ ആള്‍റൗണ്ട് പെര്‍ഫോമന്‍സ് സംതൃപ്തി നല്‍കുന്നതല്ല.

559 അംഗ ജംബോ നിരയുമായാണ് കേരളം അഹമ്മദാബാദിലെത്തിയത്. 26 ഇനങ്ങളിലായി 436 കായിക താരങ്ങള്‍ അണിനിരന്നപ്പോള്‍ 123 ഒഫീഷ്യലുകളും കൂടെയുണ്ടായിരുന്നു. പയ്യോളി എക്‌സ്പ്രസ് പി.ടി ഉഷയുടേയും ട്രാക്കിന്റെ തിളക്കമായിരുന്ന ഷൈനിവില്‍സന്റേയും ലോങ് ജംബ് ഇതിഹാസം അഞ്ജു ബോബി ജോര്‍ജിന്റെയുമെല്ലാം പാരമ്പര്യം പേറുന്ന കേരളം ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ എക്കാലവും ഹോട്ട് ഫേവറിറ്റുകളാണ്. ഗെയിംസ് ഇനങ്ങളില്‍ പ്രത്യേകിച്ച് ഫുട്‌ബോളിലും വോളിയിലുമെല്ലാം കേരളം തന്നെയായിരുന്നു മുടിചൂടാ മന്നന്‍മാര്‍. എന്നാല്‍ വോളിബോള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഫേവറിറ്റ് ഇനങ്ങളിലൊന്നും പേരിനൊത്ത പെരുമ പ്രകടിപ്പിക്കാന്‍ സംസ്ഥാനത്തിനായില്ല. പ്രത്യേകിച്ച് ഫുട്‌ബോളില്‍ ഏറ്റ തിരിച്ചടി ഞെട്ടിപ്പിക്കുന്നതാണ്. മാസങ്ങള്‍ക്കു മുമ്പ് മഞ്ചേരി പയ്യനാട്ടെ സ്റ്റേഡിയത്തില്‍ വെച്ച് നിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി പരമ്പരാഗത വൈരികളായ ബെംഗാളിനെ പരാജയപ്പെടുത്തി സന്തോഷ് ട്രോഫി കിരീടത്തിലൂടെ നേടിയ ഇന്ത്യന്‍ കാല്‍പന്തുകളിയുടെ അമരത്വം അതേ ബംഗാളിന്റെ മുന്നില്‍ ഇപ്പോള്‍ അടിയറവ് വെച്ചിരിക്കുകയാണ്. അതും എതിരില്ലാത്ത അഞ്ചുഗോളുകള്‍ എന്ന വലിയ വ്യത്യാസത്തില്‍.

നിരാശാജനകമായ ഈ പ്രകടനത്തിന്റെ ഉത്തരവാദികള്‍ ഒരിക്കലും നമ്മുടെ കായിക താരങ്ങളല്ല. അസൗകര്യങ്ങളുടെ നടവില്‍ നിന്നുകൊണ്ടും അവര്‍ നടത്തുന്ന കഠിന പരിശ്രമങ്ങള്‍ കൊണ്ടാണ് ആറാം സ്ഥാനത്തെങ്കിലും നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞത്. ആകെ ആശ്വാസം നീന്തല്‍ക്കുളത്തില്‍ മെഡല്‍ വാരിയ സജന്‍ പ്രകാശ് മികച്ച പുരുഷതാരമായി തെരഞ്ഞെടുക്കപ്പെട്ടതാണ്. ആധുനിക രീതിയിലുള്ള പരിശീലന സൗകര്യങ്ങളോ സഹായങ്ങളോ ഇല്ലാതെയാണ് പല താരങ്ങളും ഈ മഹാമേളക്ക് പോലും ഒരുങ്ങിയത്. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കായിക രംഗത്തോടുള്ള നിഷേധാത്മക സമീപനമാണ് ഇവിടെ മുഴച്ച് നില്‍ക്കുന്നത്. സര്‍ക്കാറിന്റെ ഒരു സഹായവുമില്ലാതെ സ്വ പ്രയത്‌നത്തിലൂടെ മഹാമേളകളില്‍പോലും വിജയക്കൊടി നാട്ടുന്ന താരങ്ങള്‍ക്ക് ഒരു അംഗീകാരം നല്‍കാന്‍ എടുക്കുന്ന കാലതാമസം മാത്രം മതി ഈ മേഖലയോടുള്ള സര്‍ക്കാറിന്റെ സമീപനം മനസ്സിലാക്കാന്‍. ഒളിംബിക്‌സിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും എന്തിന് മലയാളികള്‍ ഹൃദയത്തിലേറ്റിയ സന്തോഷ് ട്രോഫിയിലുമെല്ലാം ജേതാക്കളായ നമ്മുടെ താരങ്ങളെയും ടീമുകളെയും സര്‍ക്കാര്‍ ഒന്നു തിരിഞ്ഞു നോക്കാന്‍ കായിക പ്രേമികളുടെ മുറവിളി വേണ്ടിവന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. ഇവര്‍ക്കു സമാനമോ അല്ലെങ്കില്‍ താഴെയോ വരുന്ന മറ്റു സംസ്ഥാനങ്ങളിലെ താരങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളും ആദരവുകളും നാം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയുമാണ്. അതുകൊണ്ടു തന്നെ അവിടങ്ങളിലെ കായിക രംഗത്ത് അഭൂത പൂര്‍വമായ മുന്നേറ്റവുമാണ് കാണാന്‍ കഴിയുന്നത്. 1980 ലെ മോസ്‌കോ ഒളിംബിക്‌സിന് ശേഷം 16 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രാജ്യം അടുത്ത ഒളിംബിക്‌സ് മെഡല്‍ നേടുന്നത്. എന്നാല്‍ അതിനുശേഷംകായിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ തുടര്‍ന്നുള്ള എല്ലാ ഒളിംബിക്‌സുകളിലും മെഡലുകള്‍ നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ബന്ധു നിയമനത്തില്‍ നിന്ന് മുക്തമാക്കി കഴിവും അനുഭവങ്ങളുമുള്ളവരെ ഭരണം ഏല്‍പ്പിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്യുക എന്നതു മാത്രമാണ് കായിക പുരോഗതിക്ക് സര്‍ക്കാറുകള്‍ ചെയ്യേണ്ട ഏക കാര്യം.

Test User: