X

അയോഗ്യരെ യോഗ്യരാക്കി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ നിയമനം

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍(ഡി.എം.സി) നിയമനത്തില്‍ വ്യാപക തിരിമറി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നിയമിച്ച ഇന്റര്‍വ്യൂ ബോര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അയോഗ്യരെ യോഗ്യരാക്കിയാണ് പുതിയ നിയമനം. സ്വന്തക്കാരെ തിരുകിക്കയറ്റിയില്ലെന്ന കാരണത്താല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് ഐ.എ.എസ് ചെയര്‍മാനായ ഇന്റര്‍വ്യൂ ബോര്‍ഡ് തയ്യാറാക്കിയ ലിസ്റ്റ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് ചെയര്‍മാനെ ഒഴിവാക്കി, ഇടതുപക്ഷ സര്‍വ്വീസ് സംഘടനയിലെ വ്യക്തിയുള്‍പ്പെടുന്ന പുതിയ ബോര്‍ഡുണ്ടാക്കിയാണ് സര്‍ക്കാര്‍ ജില്ലാ കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റ് അതേപടി അംഗീകരിച്ച് ഉത്തരവിറക്കിയത്. നേരത്തേ എ.ഡി.എം.സി(അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍) തസ്തികയിലേക്ക് പോലും യോഗര്യല്ലെന്ന് കണ്ടെത്തിയവര്‍ പോലും ഇങ്ങനെ രണ്ടാം ലിസ്റ്റില്‍ കോഡിനേറ്റര്‍മാരായി നിയമിതരായിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷം പേരും അതത് ജില്ലാ സി.പി.എം കമ്മിറ്റികളുടെ നേരിട്ടുള്ള നോമിനികളുമാണ്.
വിദ്യാഭ്യാസ യോഗ്യത, ഫീല്‍ഡ് സ്റ്റഡി റിപ്പോര്‍ട്ട്, എഴുത്തുപരീക്ഷയിലെ പ്രകടനം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 10നാണ് ടി.കെ ജോസ് ചെയര്‍മാനായ ഇന്റര്‍വ്യൂ ബോര്‍ഡ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരെ നിയമിച്ചുകൊണ്ടുള്ള ലിസ്റ്റ് പുറത്തിറക്കിയത്. ഇതില്‍ എട്ടു ജില്ലകളിലേക്ക് ഡി.എം.സിമാരായി യോഗ്യതയുള്ളവരുടെ പേരുകള്‍ നല്‍കിയപ്പോള്‍ ബാക്കി ആറു ജില്ലകളില്‍ യോഗ്യരായി ആരുമില്ല എന്നായിരുന്നു ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇത് പ്രകാരം ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലേക്ക് റീനോട്ടിഫൈ ചെയ്ത് യോഗ്യരായവരെ കണ്ടെത്തണമെന്നും ചെയര്‍മാനും ഇന്റര്‍വ്യൂ ബോര്‍ഡ് മെമ്പറും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എസ്. ഹരികിഷോറും ഒപ്പിട്ട ലിസ്റ്റില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റി നല്‍കിയ ലിസ്റ്റിലുള്ള പലരും വെട്ടിപ്പോയതോടെ ഈ ബോര്‍ഡ് തന്നെ വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അഭിമുഖത്തിന് ശേഷം കുടുംബശ്രീ മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് ഉന്നത ഇടപെടലുകളെ ത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിക്കുകയും ചെയ്തു. അതിന് ശേഷം പുതിയ നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് വകുപ്പ് പുനരാരംഭിച്ചിട്ടുമില്ല. സെപ്തംബര്‍ 20ന് നടന്ന അഭിമുഖത്തില്‍ എ.ഡി.എം.സി തസ്തികയിലേക്ക് നിയമിക്കാന്‍ മാത്രം യോഗ്യതയുള്ളയാളെന്ന് വിധിയെഴുതിയ പിണറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണ് രണ്ടാം അഭിമുഖത്തിന് ശേഷം കണ്ണൂര്‍ ഡി.എം.സിയുടെ ചുമതല നല്‍കിയത്. ടി.കെ ജോസ് ചെയര്‍മാനായ ബോര്‍ഡ് ഡി.എം.സി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചയാളെ അവഗണിച്ചായിരുന്നു ഈ നിയമനം. വയനാട്ടില്‍ ആദ്യ അഭിമുഖത്തില്‍ എ.ഡി.എം.സി തസ്തികയിലേക്കുള്ള യോഗ്യത പോലും ലഭിക്കാത്തയാളെ രണ്ടാമത്തെ അഭിമുഖത്തിന് ശേഷം മിഷന്‍ കോഡിനേറ്റായി നിയമിക്കുകയും ചെയ്തു. പാലക്കാട്, ഇടുക്കി ജില്ലകളിലും ഡി.എം.സി യോഗ്യതയില്ലെന്ന്, ഇടതുപക്ഷം നിയമിച്ച ബോര്‍ഡ് വിധിയെഴുതിയവര്‍ തന്നെയാണ് നിലവില്‍ ജില്ല മിഷന്‍ കോഡിനേറ്ററുടെ ചുമതല വഹിക്കുന്നത്. പാലക്കാട് ജില്ലയില്‍ നേരത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഡി. എം. സിയായിരുന്നയാളെ ഇത്തവണയും അഭിമുഖത്തിനയച്ചിരുന്നുവെങ്കിലും ബോര്‍ഡ് നിരാകരിക്കുകയായിരുന്നു. എന്നാല്‍ എ. ഡി. എം. സി തസ്തികയിലുള്ള ഈ ഉദ്യോഗസ്ഥന് തന്നെ ഡി. എം. സിയുടെയും ചുമതല നല്‍കാനായിരുന്നു വകുപ്പിന്റെ തീരുമാനം. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും ഡി. എം. സി നിയമനത്തില്‍ രാഷ്ട്രീയം മാത്രമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മാനദണ്ഡമാക്കിയത്.
സര്‍ക്കാര്‍ സര്‍വ്വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അപേക്ഷകരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റ് കാരണമൊന്നുമില്ലാതെ തള്ളിക്കളഞ്ഞ് ചെയര്‍മാനെ ഒഴിവാക്കി പുതിയ അഭിമുഖം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നത് വ്യക്തമാണ്. പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ വകുപ്പ് നിയമിച്ച ബോര്‍ഡിനെപോലും തദ്ദേശസ്വയംഭരണവകുപ്പിന് ഒഴിവാക്കേണ്ടി വന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ കീഴില്‍ തന്നെയുള്ള ന്യൂനപക്ഷ വകുപ്പിലെ നിയമനത്തിലും വ്യാപക രാഷ്ട്രീയ ഇടപെടലുണ്ടായതും വാര്‍ത്തയായിരുന്നു.

chandrika: