കൊച്ചി: മുസ്ലിം യുവാക്കള്‍ക്കെതിരെ ഐ.എസ് ബന്ധവും ലൗജിഹാദും ആരോപിച്ച് സ്ഥിരമായി വ്യാജ പരാതി നല്‍കിയ അഭിഭാഷകനെ ഹൈക്കോടതി ശിക്ഷിച്ചു. ഹൈക്കോടതി അഭിഭാഷകനായ സി.കെ മോഹനനെയാണ് കോടതി ശിക്ഷിച്ചത്. ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. മൂന്നു മാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ശേഷം കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.ഹേബിയസ് കോര്‍പസ് കേസുകളില്‍ കാണാതായ യുവതികളുടെ
രക്ഷിതാക്കള്‍ക്ക് വേണ്ടി സ്ഥിരമായി ഹാജരാകുന്നത് സി.കെ മോഹനനായിരുന്നു. ഇത്തരം ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ എതിര്‍കക്ഷിക്കെതിരെ ഐഎസ് ബന്ധവും ലൗ ജിഹാദും ഇയാള്‍ പതിവായി ആരോപിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സമാനമായ കേസില്‍ ഇയാളുടെ വാദം അംഗീകരിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ പരാതികള്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കോടതിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാകാത്ത ഇയാള്‍ ജഡ്ജിമാരോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അഭിഭാഷകനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.