കൊച്ചി: സംസ്ഥാനത്തെ രാഷ്ടീയ കൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ഷുഹൈബിന്റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ എതിരാളിയായ ഷുഹൈബിനെ നാടന്‍ബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നുവെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.
അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് ഷുഹൈബിന്റെതെന്നും, പ്രൊഫഷണല്‍ കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയതെന്നും പറഞ്ഞ ഹൈക്കോടതി രാഷ്ട്രീയ പകപോക്കല്‍ ആണ് നടന്നത് വ്യക്തമാണെന്നും നിരീക്ഷിച്ചു.
ആകാശ് തില്ലങ്കേരി അടക്കമുള്ള ആദ്യ നാല് പ്രതികള്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി പരാമര്‍ശിച്ചു. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍ സിപിഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരിയടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അര്‍ദ്ധരാത്രിയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിയത്. കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബ് ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികള്‍ വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു ഷുഹൈബിന്റെ മരണം.