എറണാകുളം: ഹൈക്കോടതി കെട്ടിടം കളമശേരിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത നിഷേധിച്ച് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍. ഹൈകോടതി മാറ്റാന്‍ തീരുമാനമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈകോടതി അഭിഭാഷക അസോസിയേഷന് രജിസ്ട്രാര്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയുടെ വികസനത്തിന് അധിക ഭൂമി അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതല്ലാതെ ഹൈകോടതി മുഴുവന്‍ കളമശ്ശേരിയിലേക്ക് മാറ്റാന്‍ തീരുമാനമില്ല. കഴിഞ്ഞ ദിവസമാണ് ഹൈകോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. മംഗള വനത്തിന് സമീപത്തെ ഹൈകോടതി സമുച്ചയത്തിലെ സ്ഥലപരിമിതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈകോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു.
പരിസ്ഥിതി ലോല മേഖല ആയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഹൈകോടതി മാറ്റിപണിയണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് പരിഗണിച്ചാണ് എച്ച്.എം.ടിയുടെ ഉടമസ്ഥതയിലുള്ള 27 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയത്. ഈ സ്ഥലം കഴിഞ്ഞ ദിവസം ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, നിയമ സെക്രട്ടറി വി.ഹരി നായര്‍, ജില്ലാ കളക്ടര്‍ രേണു രാജ് , ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘം നേരിട്ട് എത്തി പരിശോധിച്ചിരുന്നു. മീഡിയേഷന്‍ സെന്റര്‍ ഉള്‍പ്പടെ രാജ്യാന്തര തലത്തില്‍ ഉള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേതാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.