X
    Categories: CultureViews

കേന്ദ്രത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി; സനലിന്റെ ‘എസ് ദുര്‍ഗ’ ഗോവയില്‍ പ്രദര്‍ശിപ്പിക്കണം

സനല്‍ കുമാര്‍ ശശിധരന്‍

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ‘എസ് ദുര്‍ഗ’ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കേരള ഹൈക്കോടതിയില്‍ തിരിച്ചടി. എസ് ദുര്‍ഗ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. നേരത്തെ ജൂറി തെരഞ്ഞെടുത്ത എസ് ദുര്‍ഗ, മറാഠി ചിത്രം ‘ന്യൂഡ്’ എന്നിവ മന്ത്രാലയം ഇടപെട്ടാണ് ഫെസ്റ്റിവില്‍ നിന്ന് നീക്കിയത്. തന്റെ ചിത്രം നീക്കിയതിനെതിരെ സനല്‍ കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

‘സെക്‌സി ദുര്‍ഗ’ എന്ന പേരില്‍ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എസ്. ദുര്‍ഗയെന്ന് പേരുമാറ്റിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 13 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ഗോവ ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തത്. എന്നാല്‍, കാരണങ്ങള്‍ വ്യക്തമാക്കാതെ എസ് ദുര്‍ഗയും രവി ജാദവിന്റെ ന്യൂഡും പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂറി തലവന്‍ സുജോയ് ഘോഷും അപൂര്‍വ അസ്രാണി, ജ്ഞാന്‍ കൊറയ എന്നിവരും രാജിവെച്ചു.

സനല്‍ കുമാര്‍ ശശിധരന്റെ ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് വികാരം വ്രണപ്പെടുത്തുന്നതാണെന്നും സെന്‍സര്‍ ചെയ്യാത്ത ഭാഗമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത് എന്നുമാണ് മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ കേന്ദ്ര ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം മന്ത്രാലയത്തിന് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേന്ദ്ര ഇടപെടലില്‍ സനല്‍ കുമാര്‍ ശശിധരന് മലയാള ചലച്ചിത്ര ലോകത്തുനിന്ന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. ഹൈക്കോടതി വിധി സന്തോഷം പകരുന്നതാണെന്നും ഇത് ചലച്ചിത്രത്തിന്റെയും ജനാധിപത്യത്തിന്റെയും സ്ഥാനങ്ങള്‍ ത്യജിച്ച ജൂറി അംഗങ്ങളുടെയും വിജയമാണെന്നും ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്ന സനല്‍ പ്രതികരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: