അരിക്കൊമ്പന്‍ വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ആനയെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാന്‍ ആകില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എം.എല്‍.എ കെ.ബാബു ചെയര്‍മാനായ ജനകീയ സമിതി സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു. ആനത്താരയില്‍ പട്ടയം നല്‍കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പറമ്പിക്കുളം അല്ലാതെ മറ്റ് സ്ഥലങ്ങളും പരിഗണിക്കാമെന്നും കോടതി പറഞ്ഞു.