X

ഹാജിമാര്‍ മടങ്ങിയെത്തിയത് മദീനയില്‍ നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളുമായി

 
സ്വന്തം ലേഖകന്‍
നെടുമ്പാശ്ശേരി
സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ വെള്ളിയാഴ്ച്ച നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയത് മദീനയില്‍ നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളുമായി.മദീനയിലെ താമസ സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായില്ലെന്ന് ഹാജിമാര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര ഹജ്ജ് മിഷന്റെ പ്രവര്‍ത്തനം തികച്ചും നിരുത്തരവാദപരമായിരുന്നെന്നാണ് ഹാജിമാരുടെ പരാതി.മദീന പള്ളിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു തങ്ങള്‍ക്ക് താമസ സ്ഥലം ലഭിച്ചതെന്നും,പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ എത്തുമ്പോള്‍ അവിടെ നിന്നും ബോട്ടിലുകളില്‍ സംസം വെള്ളം ശേഖരിച്ച് റൂമില്‍ കൊണ്ടുവന്നാണ് തങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നും ഇടുക്കി സ്വദേശി ഹംസ പറഞ്ഞു.സംസ്ഥാനത്ത് നിന്നുള്ള 1800 ഓളം തീര്‍ഥാടകര്‍ക്കാണ് ദുരിതമനുഭവിക്കേണ്ടി വന്നത്.മൂന്ന് പേര്‍ക്ക് മാത്രം താമസിക്കാന്‍ സൗകര്യമുള്ള മുറിയില്‍ എട്ടും ഒന്‍പതും പേര്‍ താമസിക്കേണ്ടി വന്നുവെന്നും,ഇത്തരം നാല് റൂമുകള്‍ക്ക് ഒരു ബാത്ത്‌റൂം വീതമാണ് ഉണ്ടായിരുന്നതെന്നും ആലപ്പുഴ അരൂക്കുറ്റി സ്വദേശി ഹബീബ് പറഞ്ഞു.മക്കയിലും മദീനയിലും ഡ്യൂട്ടിയിലുള്ള കേന്ദ്ര ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരില്‍ മലയാളികള്‍ ആരും തന്നെ ഇല്ലാതിരുന്നത് മൂലം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ഹിന്ദിക്കാരായ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും പൂച്ചാക്കല്‍ സ്വദേശി അബൂബക്കര്‍ പറഞ്ഞു.കേരളത്തില്‍ നിന്നും ഹാജിമാരോടൊപ്പം യാത്രയായിരുന്ന വളണ്ടിയര്‍മാരില്‍ പലര്‍ക്കും ഹിന്ദിയോ അറബിയോ വശമില്ലാതിരുന്നത് മൂലം ഹാജിമാരുടെ പരാതികള്‍ ബന്ധപ്പെട്ടവരെ ധരിപ്പിക്കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും മടങ്ങിയെത്തിയ ഹാജിമാര്‍ പരാതിപ്പെട്ടു.ഭാവിയില്‍ വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ ഭാഷ വശമുള്ളവരെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഹാജിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ട കേന്ദ്ര ഹജ്ജ് മിഷന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരെ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും,കേന്ദ്ര ഹജ്ജ് കോഓര്‍ഡിനേറ്റര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിക്കും ഹാജിമാര്‍ പരാതി നല്‍കിയിട്ടുണ്ട്.ഗുരുതരമായ വീഴ്ച്ചയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും മുതവഫിന്റെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

chandrika: